കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മണ്ണെടുപ്പും വയല്‍നികത്തലും വ്യാപകമാകുന്നു. വീട് വയ്ക്കാനല്ലാതെ മറ്റൊരു നിര്‍മാണപ്രവര്‍ത്തനത്തിനും തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് വന്‍തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നത്.പുതുപ്പള്ളി-കൊട്ടാരത്തിക്കടവ് റോഡിനുസമീപം തണ്ണീര്‍ത്തടം ചിറപ്രദേശം വ്യാപകമായി നികത്താനുള്ള ശ്രമം നടന്നുവരുകയാണ്. രാത്രികാലങ്ങളിലാണ് നികത്തല്‍ നടക്കുന്നത്. വാകത്താനം ഭാഗത്തുനിന്നാണ് പ്രദേശത്തേക്ക് കരമണ്ണ് കൊണ്ടുവരുന്നത്.
ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ തണ്ണീര്‍ത്തടം നികത്തല്‍ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. കടുത്തുരുത്തി പള്ളിത്താഴത്ത് ഒന്നരയേക്കറോളം പാടശേഖരമാണു മണ്ണിട്ടു നികത്താന്‍ ശ്രമിക്കുന്നത്. കൃഷി ചെയ്യാനുള്ള എല്ലാ പാരിസ്ഥിതിക സാഹചര്യങ്ങളും നിലനില്ക്കുമ്പോള്ത്തന്നെയാണ് അനധികൃത നികത്തല്‍ നടക്കുന്നത്. കുമരകം വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍ റിസോര്‍ട്ട് മാഫിയ വന്‍തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇത്തരം നികത്തലുകളും കുന്നിടിക്കലുമൊക്കെ നടക്കുന്നതെന്നാണ് ആരോപണം. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.
കറുകച്ചാല്‍, നെടുംകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും വന്‍തോതില്‍ മണ്ണ് ഖനനം നടക്കുകയാണ്. കൂരോപ്പട-പാമ്പാടി റോഡ് രാത്രി കാലങ്ങളില്‍ ടോറസ് ലോറികള്‍ കൈയടക്കിയിരിക്കുകയാണ്. കൂറ്റന്‍ മെഷീനുകള്‍ ഉപയോഗിച്ചാണു പലയിടങ്ങളിലും മണ്ണ് ഖനനം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത മണ്ണെടുപ്പും വയല്‍ നികത്തലും അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു.