ജിഷയുടെ അമ്മയുടെ വേദന രാജ്യത്തിന്റേത്: രാധിക വെമുല

EKM-ROHITHകൊച്ചി: ജിഷയുടെ അമ്മ രാജേശ്വരിയുടെ വേദന രാജ്യത്തിന്റെ ആകെ വേദനയാണെന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയോടൊപ്പം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷമാണ് അവര്‍ ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്. മകള്‍ നഷ്ടപ്പെട്ട ജിഷയുടെ അമ്മയുടെ വൈകാരികമായ തലം തന്റേതിനു സമാനമാണ്. അവരുടെ വേദന തനിക്ക് മനസിലാവും. നീതി ലഭിക്കും വരെ പോരാടണം. രാജ്യത്ത് ദളിതുകള്‍ക്ക് നേരെയുള്ള അക്രമം വര്‍ധിച്ചുവരികയാണ്. കൊലയാളിയെ കണെ്ടത്തും വരെ പോരാട്ടം തുടരണമെന്നും അവര്‍ പറഞ്ഞു.

അഞ്ച് ദിവസമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡിവൈവഎസ്പി ഓഫീസിനു മുന്നില്‍ നടത്തിവരുന്ന രാപകല്‍ സമരവേദിയിലും രാധിക വെമുല സന്ദര്‍ശനം നടത്തി. കോഴിക്കോട് നടക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ പങ്കെടുക്കാനാണ് രാധികയും മകനും കേരളത്തില്‍ എത്തിയത്. ഇന്നലെ രാവിലെ 9.30 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവര്‍ ഉച്ചയോടെയാണ് പെരുമ്പാവൂരിലെത്തിയത്. പെരുമ്പാവൂരില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാപകല്‍ സമരം കൂടാതെ വിവിധ പ്രക്ഷോഭ പരിപാടികളും ഇന്നലേയും തുടര്‍ന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ രാപകല്‍ സമരത്തെ അഭിസംബോധന ചെയ്തു.

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി. മോഹനന്‍ ഉദഘാടനം ചെയ്തു. കേരള പുലയ മഹാസഭയുടെ നേതൃത്വത്തില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ ഐജി ഓഫീസിലേക്കും മാര്‍ച്ച് നടത്തി. എറണാകുളം ലോ കോളജിനു മുന്നില്‍ പീപ്പിള്‍ വോയിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരവും തുടരുകയാണ്.

Related posts