ജി. അരവിന്ദന്‍ വേര്‍പിരിഞ്ഞിട്ട് 25 വര്‍ഷം

aravidhanസ്വന്തം ലേഖിക

തിരുവനന്തപുരം: പുതിയ കാലത്തെ ചിത്രങ്ങളില്‍ സംഭവിക്കുന്നത് പോലെ ദൈര്‍ഘ്യമേറിയ സംഭാഷണങ്ങളെ സിനിമകളുടെ അതിമാനുഷിക ശക്തിയാക്കി ജി. അരവിന്ദന്‍ മാറ്റിയിരുന്നില്ലെന്നു പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണനുണ്ണി. അരവിന്ദന്‍ സിനിമകളില്‍ സംഭാഷണം എന്നത് പശ്ചാത്തലം, ശബ്ദം തുടങ്ങിയവ പോലെ ഒരു ഘടകം മാത്രമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനകക്കുന്നു കൊട്ടാരത്തില്‍ ഇന്നലെ അരവിന്ദന്‍ ഓര്‍മകള്‍ എന്ന പരിപാടിയുടെ അരവിന്ദന്‍ ചിത്രങ്ങളിലെ ശബ്ദലോകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചിദംബരം, വാസ്തുഹാര, ഒരിടത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ശബ്ദലേഖകനായി പ്രവര്‍ത്തിച്ച കൃഷ്ണനുണ്ണി തന്റെ സ്മരണകള്‍ പങ്കുവച്ചു. ചിദംബരം എന്ന ചിത്രത്തില്‍ സംഭാഷണം ഇല്ലാതെ വെ റും ചുണ്ടുകളുടെ ചലനം കൊണ്ടു അരവിന്ദന്‍ കരുത്താര്‍ന്നൊരു സാന്നിധ്യം തീര്‍ത്തു. ചിത്രീകരണത്തിനു മുമ്പ് സ്ക്രിപ്റ്റിലെ ഡയലോഗുകള്‍ നീണ്ട സമയമെടുത്ത് വെട്ടിവെട്ടിക്കളയുന്ന അരവിന്ദനെ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദത്തെയും സംഗീതത്തെയും അര്‍ഥവത്തായി ഉപയോഗപ്പെടുത്തിയ സംവിധായകനായിരുന്നു അരവിന്ദന്‍ എന്നു പോക്കുവെയില്‍ തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളില്‍ ശബ്ദലേഖനായി പ്രവര്‍ത്തിച്ച ഹരികുമാര്‍ പറഞ്ഞു. ചിദംബരത്തിന്റെ ചിത്രീകരണ വേളയില്‍ മാട്ടുപ്പെട്ടിയിലെ പശുക്കളുടെ ശബ്ദവും ബൈക്കിന്റെ ശബ്ദവും സൂക്ഷ്മമായി ചിത്രീകരിച്ച സംഭവങ്ങള്‍ ഹരികുമാര്‍ പങ്കിട്ടു.

ശബ്ദം വലിയ രീതിയില്‍ പ്രതിധ്വനിക്കുന്ന മാട്ടുപെട്ടിയില്‍ ബൈക്കിന്റെ ശബ്ദത്തെ സ്വാംശീകരിച്ച് സിനിമയില്‍ അതി മനോഹരമായി അരവിന്ദന്‍ ഉപയോഗപ്പെടുത്തി ഹരികുമാര്‍ പറഞ്ഞു.

അരവിന്ദന്റെ സിനിമകള്‍ പുതിയ തലമുറയിലെ ശബ്ദലേഖകര്‍ക്കു റഫറന്‍സ് പുസ്തകങ്ങളാണെന്നു യുവശബ്ദലേഖകര്‍ അജിത് ജോര്‍ജ് പറഞ്ഞു. പുതിയ ശബ്ദചാനലുകളുടെ ധാരാളിത്തവും ആധുനിക ഡിജിറ്റല്‍ സാങ്കേതികതയും പുതിയ ശബ്ദ ലേഖകരെ ആശയ കുഴപ്പത്തിലാക്കുകയാണ്.

ശബ്ദ സാധ്യത കൂടുതലായതു കൊണ്ടു തന്നെ ഇന്നു സിനിമയിലെ ശബ്ദത്തിന്റെ അതിപ്രസരമുണ്ട്. ജി. അരവിന്ദന്റെ ചിത്രങ്ങളില്‍ ശബ്ദത്തിന്റെ കൃത്യമായ വിന്യാസം കാണാം എന്നും അദ്ദേഹം പറഞ്ഞു. സ്ക്രിപ്റ്റിന്റെ പിന്തുണ ഇല്ലാതെ സംഗീതത്തിലൂടെ തന്നെ പോക്കുവെയില്‍ എന്ന ചിത്രം ചിത്രീകരിച്ച അരവിന്ദന്‍ ഒരു ചരിത്രം തന്നെ സൃഷ്ടിക്കുകയായിരുന്നു എന്നു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ഐ. ഷണ്‍മുഖദാസ് പറഞ്ഞു.

സംഗീതം പ്രധാന ഘടകമായി സൃഷ്ടിച്ച ചിത്രങ്ങളുടെ പ്രസക്തി ബാംബു ഫ്‌ളൂട്ട് തുടങ്ങിയ സംഗീതം ആധാരമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കുമാര്‍ സാഹ്നി പങ്കു വച്ചു. തുടര്‍ന്നു ഛായാഗ്രഹണകല അരവിന്ദന്‍ ചിത്രങ്ങളില്‍ എന്ന വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. അരവിന്ദേട്ടന്റെ സിനിമകളിലെ ഛായാഗ്രഹണം നിര്‍വഹിക്കുവാന്‍ സാധിച്ചത് തന്റെ ഛായാഗ്രഹണ ജീവിതത്തിലെ വലിയ അനുഗ്രഹമാണെന്നു ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് പറഞ്ഞു.

Related posts