വടക്കഞ്ചേരി: കരാര്‍ കമ്പനിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജൂണിലെ കാലവര്‍ഷത്തിനുമുമ്പ് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണം 75 ശതമാനത്തോളം പൂര്‍ത്തിയാക്കണമെന്നു കരാര്‍ കമ്പനിക്കു വായ്പ നല്കുന്ന ബാങ്കുകള്‍ കര്‍ശനനിര്‍ദേശം നല്കി. ചകഴിഞ്ഞ രണ്ടുമാസമായി ജോലികളില്‍ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും മഴയ്ക്കുമുമ്പ് പൂര്‍ത്തിയാക്കേണ്ട പണികള്‍ ചിലയിടത്തു വീഴ്ച വരുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഓരോ ദിവസവും ഓരോ ആഴ്ചയിലും ചെയ്തുതീര്‍ക്കേണ്ട വര്‍ക്കുകള്‍ക്കു ടാര്‍ജറ്റ് നല്കിയാണ് പരിശോധന നടക്കുന്നത്.
രണ്ടാഴ്ച കൂടുമ്പോള്‍ ബാങ്കുകളുടെ പ്രതിനിധി സ്ഥലത്തെത്തി ജോലികള്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞദിവസവും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എത്തിക്കാന്‍ പറ്റാത്ത വലിയ ടാര്‍ജറ്റുകളാണ് ബാങ്കുകള്‍ നല്കുന്നതെന്നു കരാര്‍ കമ്പനി അധികൃതര്‍ പറയുന്നു. പുതിയ ഫണ്ട് അനുവദിക്കുന്നതിനും കൂടിയാണ് ടാര്‍ജറ്റ് വച്ചുള്ള വര്‍ക്കുകള്‍ ക്രമീകരിക്കുന്നത്. ഏഴു ലീഡിംഗ് ബാങ്കുകള്‍ ഉള്‍പ്പെടുന്ന സമിതിയാണ് പാതയുടെ കരാര്‍ കമ്പനിയായ ആന്ധ്രാപ്രദേശിലെ കെഎംസി കമ്പനിക്ക് യഥാസമയം ആവശ്യമായ ഫണ്ട് നല്കുന്നത്. പൂര്‍ത്തിയായ വര്‍ക്കുകള്‍ക്കാണ് വായ്പ നല്കുക. വീഴ്ചവന്നാല്‍ ഫണ്ട് ലഭ്യമാകാനും കാലതാമസം വരും. മുമ്പ് പാതവികസനം തടസപ്പെടാനും വര്‍ക്കുകളിലെ മെല്ലെപ്പോക്കായിരുന്നു പ്രശ്‌നം.
ക്രെയിനുകള്‍, എസ്കവേറ്ററുകള്‍, ടിപ്പറുകള്‍, റോളര്‍, ജെസിബി തുടങ്ങി ഇരുന്നൂറോളം വാഹനങ്ങള്‍ ഇപ്പോള്‍ റോഡുപണിക്കായുണ്ട്. സര്‍വീസ് റോഡുകളുടെ പണികളാണ് ഇപ്പോള്‍ വേഗത്തില്‍ നടക്കുന്നത്. പത്തു കിലോമീറ്ററില്‍ സര്‍വീസ് റോഡ് പൂര്‍ത്തിയാക്കി.വടക്കഞ്ചേരി റോയല്‍ കവലയിലും മണ്ണുത്തിയിലുമുള്ള ഫ്‌ളൈ ഓവറുകളടെ പണികളും ആരംഭിച്ചിട്ടുണ്ട്. വടക്കഞ്ചേരി റോയല്‍ ജംഗ്ഷന്‍ മുതല്‍ തേനിടുക്ക് വരെയെത്തുന്നതാണ് വടക്കഞ്ചേരിയിലെ ഫ്‌ളൈ ഓവര്‍. വടക്കഞ്ചേരിക്കു മുകളിലൂടെയാകും ഇവിടെ വാഹനങ്ങള്‍ പായുക, കുതിരാനിലെ തുരങ്കപ്പാതയ്ക്കുള്ള പാറതുരക്കല്‍ ഈമാസം ഒടുവില്‍ തുടങ്ങുമെന്നു ടണല്‍നിര്‍മാണം നടത്തുന്ന പ്രഗതി എന്‍ജിനീയറിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു.
പാറ തുരന്നുകുതിക്കുന്ന ബൂമര്‍ എന്ന ഡ്രില്ലിംഗ് ജംബോ ഈമാസം ഒന്നിനുതന്നെ ആന്ധ്രാപ്രദേശില്‍നിന്നും കുതിരാനിലെത്തി. 12 മാസംകൊണ്ട് രണ്ടു ടണലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പാറയ്ക്കുമുമ്പുള്ള മണ്ണും പൊട്ടിച്ച കല്ലും മാറ്റുന്ന പണികള്‍ ഇവിടെ നടന്നുവരികയാണ്. കുതിരാന്‍ ഇരുമ്പുപാലത്തിനടുത്തുനിന്നു തുടങ്ങുന്ന തുരങ്കങ്ങളുടെ വലതുഭാഗം മണ്ണ് കൂടുതലുണ്ട്. ഇടതുഭാഗം നല്ല പാറതന്നെയാണ്. കൂടുതല്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ വലതുഭാഗത്തും കടുപ്പമേറിയ പാറയാണെന്നാണ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.