പാലാ: കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറിയാവുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോണി നെല്ലൂര്‍, മന്ത്രി അനൂപ് ജേക്കബ് എന്നിവരുമായി ഉമ്മന്‍ ചാണ്ടിയും കേരള കോണ്‍ഗ്രസ്-എം ചെയര്‍ മാന്‍ കെ.എം. മാണിയും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു യുഡിഎഫുമായി അകന്നു നിന്നിരുന്ന ജോണി നെല്ലൂര്‍ വീണ്ടും യു ഡി എഫില്‍ സജീവമായത്. ഇന്നലെ പാലായില്‍ കെ.എം. മാണിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലായില്‍ നടന്ന യുഡിഎഫ് കണ്‍വന്‍ഷനിലും ജോണി നെല്ലൂര്‍ പങ്കെടുത്തു.
ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറിയാവുന്ന കാര്യം ഘടകകക്ഷികളുടെ നേതാക്കളുമായി അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം നേതാക്കള്‍ക്കു ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതുണ്ടാകാനിടയായ സാഹചര്യം ചര്‍ച്ചയില്‍ ജോണി നെല്ലൂരിനെ ബോധ്യപ്പെടുത്തിയന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ജോണി നെല്ലൂര്‍ രാജി പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും രാജിക്കത്ത് നല്‍കിയിട്ടില്ലെന്നും ഔഷധി ചെയര്മാന് സ്ഥാനത്തു തുടരുമെന്നും അറിയിച്ചു.