ഞായറാഴ്ച മുതല്‍ അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കും

thurkiബ്രസല്‍സ്: അഭയാര്‍ഥി പ്രശ്‌നത്തിനു പരിഹാരം കാണാന്‍ യൂറോപ്യന്‍ യൂണിയനും ടര്‍ക്കിയും തമ്മില്‍ നടത്തിവന്ന ചര്‍ച്ചയ്ക്ക് ഫലപ്രാപ്തി. ധാരണ പ്രകാരം ഞായറാഴ്ച മുതല്‍ തുര്‍ക്കി അഭയാര്‍ഥികളെ തിരികെ സ്വീകരിച്ചു തുടങ്ങും.

എന്നാല്‍, ഇതിനു യൂറോപ്യന്‍ കൊടുക്കേണ്ട വില വളരെ വലുതായിരിക്കും. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ചെലവ് ഇനത്തില്‍ നല്‍കുന്ന ഭീമമായ തുക കൂടാതെ, 7.7 കോടി തുര്‍ക്കിക്കാര്‍ക്ക് യൂറോപ്പില്‍ വിസരഹിത യാത്രയ്ക്കുള്ള അനുമതി കൂടിയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ ഗ്രീസിലുള്ള അഭയാര്‍ഥികളെയാണ് തുര്‍ക്കിയിലേക്ക് ആദ്യം തിരിച്ചയയ്ക്കാന്‍ പോകുന്നത്. ഏതായാലും കരാറിന് യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങളുടെയും നേതാക്കള്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. അഭയാര്‍ഥിത്വം നിഷേധിക്കപ്പെടുന്നവരെ മാത്രമായിരിക്കും തിരികെ അയയ്ക്കുക.

എന്നാല്‍, തുര്‍ക്കിക്കാര്‍ക്ക് വീസ രഹിത യാത്രയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനം അഭയാര്‍ഥി പ്രവാഹത്തിനെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന വിമര്‍ശനവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ പണിപ്പെടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെപ്പോലുള്ളവര്‍ക്ക് കടുത്ത തിരിച്ചടിയാണ് ഈ വ്യവസ്ഥ.

ധാരണയനുസരിച്ച്, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമെടുക്കാന്‍ തുര്‍ക്കി നല്‍കിയിരിക്കുന്ന അപേക്ഷ വേഗത്തില്‍ പരിഗണിക്കുകയും വേണം.

തുര്‍ക്കിയെ ധാരണയ്ക്കു നിര്‍ബന്ധിതമാക്കുന്ന കാര്യത്തില്‍ യൂറോപ്പ് ഒറ്റക്കെട്ടായിരുന്നുവെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പ്രതികരണം. അതേസമയം, ചരിത്രപരമായ ദിവസമെന്നാണ് തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവുദോഗ്ലു ഈ ദിവസത്തെ വിശേഷിപ്പിച്ചത്.

Related posts