പേരൂര്‍ക്കട: ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ധനുവച്ചപുരം പരുത്തിവിള ഗ്രേസ് കോട്ടേജില്‍ നിന്നും മണ്ണന്തല മരൂതൂരില്‍ കുഴിക്കടയില്‍ വാടകക്ക് താമസിക്കുന്ന അനില്‍രാജ്(40), ഇദ്ദേഹത്തിന്റെ ഭാര്യ അരുണിമ, മകള്‍ അനീഷ (4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് നാട്ടുകാരും പോലീസും മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി അനില്‍രാജിനെയും കുടുംബത്തെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. അതിനാല്‍ ഇന്ന് രാവിലെ അയല്‍വാസികള്‍ അനില്‍രാജിന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. നാട്ടുകാര്‍ മണ്ണന്തല പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഫ്രിഡ്ജിലെ കംപ്രസര്‍ പൊട്ടിത്തെറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ മുറിയിലെ ചുവരില്‍ കറുത്ത കരിയും കണ്ടെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജിലെ കംപ്രസര്‍ പൊട്ടിത്തെറിച്ച് അതിലെ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനിലിന്റെയും അരുണിമയുടെയും മൃതദേഹം തറയിലും അനീഷയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.
മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജിലെ ലാബിലെ ജീവനക്കാരാണ് അനിലും അരുണിമയും. സി.ദിവാകരന്‍ എംഎല്‍എ, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി. ശിവവിക്രം, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സെയ്ഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മണ്ണന്തല പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.