ടാക്‌സി ഡ്രൈവര്‍മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കണം: ഹൈബി ഈഡന്‍

ekm-haibeedenകൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. എറണാകുളം ടൗണ്‍ഹാളില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍(ഒടിയുഎ) സംഘടിപ്പിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പലതരത്തില്‍ കമ്പനികളുടെ ചൂഷണത്തിന് വിധേയരാവുന്നതായി ശ്രദ്ധയില്‍പെടുന്നുണ്ട്. മാറുന്ന കാലഘട്ടത്തില്‍ ഇ-ഗവേണന്‍സും ഓണ്‍ലൈന്‍ ടാക്‌സികളും ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കൊച്ചി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.സാബു പറഞ്ഞു. യൂണിയനു വേണ്ടി ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയെടുത്ത യൂണിയന്‍ പ്രസിഡന്റ് അഡ്വ. ടി.ആര്‍.എസ് കുമാറിനെ ഹൈബി ഈഡന്‍ എംഎല്‍എ പൊന്നാടയണിയിച്ചു. യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം കെ.കെ.ബെന്നിമോന്‍, സി.ജി രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മജീദ് വാഴക്കാല, ജോയിന്റെ സെക്രട്ടറി നവാസ് പൊന്നാനി എന്നിവര്‍ പങ്കെടുത്തു.

Related posts