ആലപ്പുഴ: ടാറിംഗില്ലാത്ത ദേശീയപാതയെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നുമെങ്കിലും ആലപ്പുഴക്കാരെ സംബന്ധിച്ച് ഇതൊരു സംഭവമേയല്ല. ആഴ്ചകളായി ഇത്തരത്തിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ആലപ്പുഴക്കാര് ഇതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. പൊതുമരാമത്ത് മന്ത്രി ജില്ലയില്‍ നിന്നുള്ള ആളായിട്ടും ആലപ്പുഴയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ അറ്റകുറ്റ പണികള്‍ കാര്യക്ഷമമായി ഇതുവരെ നടന്നിട്ടില്ല. ദേശീയപാതയില്‍ ആലപ്പുഴ ജില്ലയിലെ ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ 5000ത്തോളം കുഴികളുണ്ടെന്ന് മന്ത്രി തന്നെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയും ഇത് അറ്റകുറ്റപണികള്‍ നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ദേശീയപാതയുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടായിട്ടില്ല.
പാളികളായി ടാറിംഗ് ഇളകി പോയതുമൂലം രൂപപ്പെട്ട ചെറുകുഴികള്‍ വലിയ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തുകയാണ്. വെയിലായാല്‍ തകര്‍ന്ന റോഡില്‍ ചിതറിത്തെറിച്ച ക്രഷ് മെറ്റിലില്‍ നിന്നുമുയരുന്ന പൊടി യാത്രക്കാര്‍ക്ക് ഭീഷണിയാകുമ്പോള്‍ മഴ പെയ്താല്‍ വെള്ളം നിറഞ്ഞ കുഴികളാണ് യാത്രക്കാരെ വലയ്ക്കുന്നത്. പലപ്പോഴും കുഴി ഒഴിവാക്കുന്നതിനായി വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിടിച്ച് അപകടങ്ങളുമുണ്ടാകുന്നുണ്ട്.
കുഴികളിലേക്ക് ഇറങ്ങി വലിയ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ തട്ടിയ സംഭവങ്ങളും നിരവധിയാണ് സമീപകാലത്ത് ദേശീയപാതയിലുണ്ടായിരുന്നത്. ചേര്‍ത്തല മുതല്‍ ആലപ്പുഴ വരെ സാധാരണ ഗതിയില്‍ മുക്കാല്‍ മണിക്കൂറുകൊണ്ട് സഞ്ചരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ റോഡ് തകര്‍ന്നതുമൂലം ഒന്നരമണിക്കൂര്‍ എടുത്താലും ആലപ്പുഴയിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡില്‍ നിന്നുയരുന്ന പൊടിയും ചെറു കുഴികളും ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്.
വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മെറ്റില് പൊടി പറന്ന് കണ്ണില്‍ വീഴുന്നതുമൂലം പലര്‍ക്കും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. റോഡിലെ കുഴികള്‍ മൂലം വാഹനങ്ങള്‍ തകരാറിലാകുന്നതുമൂലം പല ടാക്സി വാഹനങ്ങളും സമാന്തര റോഡുകളെ ആശ്രയിക്കുകയാണ്.ആലപ്പുഴയിലൂടെ കടന്നുപോകുന്ന ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ പാറമടയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്ന് അന്യജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല.