മാന്നാര്‍: മാന്നാര്‍ ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് ഇല്ല. കഴിഞ്ഞ രണ്ടുദിവസമായി രാവിലെ എട്ടുമുതല്‍ രാത്രി വൈകുന്നതുവരെയും ട്രാഫിക് ഐലന്റില്‍ എത്തി വാഹനം നിയന്ത്രിക്കുന്നത് മനോദൗര്‍ബല്യമുള്ള യുവാവാണ്. യാത്രക്കാര്‍ എല്ലാവരും ഇയാളുടെ നിയന്ത്രണമനുസരിച്ച് വാഹനം നിര്‍ത്തുകയും മറ്റും ചെയ്തുവെന്നുള്ളതാണ് ഏറെ പ്രത്യേകത.
ഏതെങ്കിലും തലത്തില്‍ ട്രാഫിക് കുരുക്ക് ഉണ്ടായാല്‍ അത്തരം വാഹനങ്ങള്‍ പ്രത്യേകം നോക്കി ട്രാഫിക് ഐലന്റില്‍നിന്ന് ഇറങ്ങി ചെന്ന് പറഞ്ഞുവിടാനും ഇയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് ഡ്യൂട്ടി അവസാനിപ്പിച്ച് ഇയാള്‍ പോയിരുന്നത്. രണ്ടുദിവസമായി ഈ യുവാവ് ട്രാഫിക് നിയന്ത്രിച്ചിട്ടും പോലീസ് ഇങ്ങോട്ട് എത്തിനോക്കുകപോലും ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.
കായംകുളം-തിരുവല്ല സംസ്ഥാനപാതയില്‍ ഏറ്റവും ഗതാഗത തിരക്കുള്ള സ്ഥലമാണ് മാന്നാര്‍ ടൗണ്‍. സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പരുമല ചെങ്ങന്നൂര്‍റോഡ് കൂടി ടൗണില്‍ ചേരുന്നതിനാല്‍ എപ്പോഴും ഒരു ട്രാഫിക് പോലീസിന്റെ സേവനം ഇവിടെ അത്യാവശ്യമാണ്.
സാധാരണയായി ഒരു ഹോംഗാര്‍ഡിന്റെ സേവനം ടൗണില്‍ ഉള്ളതാണ്. എന്നാല്‍ മനോദൗര്‍ബല്യമുള്ള ഈ യുവാവ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ ഹോംഗാര്‍ഡിനെയും കാണാനില്ലാത്ത അവസ്ഥയാണ്. ഭരണം മാറിയതോടെ മാന്നാറിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റത്തിന്റെ വക്കത്താണ്. ഇഷ്ടമുള്ള സ്ഥലം ലഭിക്കുന്നതിനായി നേതാക്കളെയും മറ്റും കാണുന്ന തിരക്കിലാണ് ഉദ്യോഗസ്ഥരെന്നും ആക്ഷേപമുണ്ട്.