ട്രാഫിക് ബ്ലോക്കോ? അതുക്കും മേലെ സൂപ്പര്‍ബസ്

busലോകത്ത് എല്ലായിടത്തും വാഹനപ്പെരുപ്പത്തോടൊപ്പം തലവേദനയായി മാറിയിരിക്കുന്നത് ഗതാഗതക്കുരുക്കാണ്. ഗതാഗതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ എല്ലാവരും തലപുകയ്ക്കുമ്പോള്‍ കണ്ടുപിടുത്തങ്ങളുടെ രാജാക്കന്മാരുടെ ചൈന അതു കണ്ടെത്തിക്കഴിഞ്ഞു. ഒരു ഭീമന്‍ ബസാണ് ചൈനയുടെ പുതിയ അത്ഭുത നിര്‍മിതി. റോഡിന്റെ അത്രയും വീതിയുള്ള ഈ ബസ് ഗതാഗതക്കുരുക്കില്‍ കിടക്കുന്ന വാഹനങ്ങള്‍ക്കു മുകളിലൂടെയാണ് കടന്നുപോകുന്നത്.

ബെയ്ജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് എക്‌സ്‌പ്ലോര്‍ ബസ് എന്ന കമ്പനിയാണ് പുതിയ കണ്‍സ്‌പെറ്റ് ബസ് തയാറാക്കിയത്. ബെയ്ജിംഗില്‍ ഈയടുത്തു നടന്ന ഇന്റര്‍നാഷണല്‍ ഹൈടെക് എക്‌സ്‌പോയില്‍ ബസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഒരേസമയം 1,200 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഈ സൂപ്പര്‍ ബസ്. 60 കിലോമീറ്ററാണ് വേഗത. റോഡിന് ഇരുവശത്തുമായി നിര്‍മിച്ച ട്രാക്കിലൂടെയാണ് ബസ് തെന്നിനീങ്ങുന്നത്. ബസ് ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നു മാത്രമല്ല, അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വിമാനത്തിന്റേതിനു സമാനമായ റാംപ് നിവര്‍ന്നുവരും. അതേസമയം, ഈ ബസ് ഓടുന്നതോ നിര്‍ത്തുന്നതോ ഒന്നും റോഡിലെ മറ്റു വാഹനങ്ങളെ ബാധിക്കില്ല. ഇതിന്റെ അടിയിലൂടെ സാധാരണ പോലെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കും. ഈവര്‍ഷം അവസാനത്തോടെ ബസിന്റെ പരീക്ഷണയോട്ടം നടത്തുമെന്നാണ് കമ്പനി അറിയിച്ചത്‌

bus1

Related posts