അരുണ്‍ സെബാസ്റ്റ്യന്‍
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കികാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന കാര്യമായാലും ട്രോളുകളുടെ രൂപത്തില്‍ അതിനെ സമീപിക്കാന്‍ നമ്മുടെ ട്രോളന്മാര്‍ കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരിക്കുകയാണ്. ഇന്നു സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നതാണ് പിഎസ്‌സി ട്രോളുകള്‍. വിനോദത്തിനൊപ്പം വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നല്‍കിയാണ് പിഎസ് സി ട്രോളുകള്‍ ഒരുക്കിയിരിക്കുന്നത്.
പിഎസ്‌സി ട്രോള്‍സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് ഈ ഉദ്യമത്തിന് പിന്നില്‍. ഈ പേജിനുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണ് പേജിന് ലഭിച്ചിരിക്കുന്ന 49,000 ലൈക്കുകള്‍. വിനോദത്തെക്കാളും വിമര്‍ശനത്തെക്കാളുമുപരി ട്രോളുകളെ പഠനത്തിനായി ഉപയോഗിക്കാം എന്നി തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട മുസ്‌ലിയാര്‍ എന്‍ജിനീയറിംഗ് കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഇന്നു സമൂഹമാധ്യങ്ങളില്‍ ഏറെ സ്വീകാര്യതയും ട്രോളുകള്‍ക്ക് ലഭിക്കുന്നു.
പഠിക്കുന്നത് ഏപ്പോഴും ആസ്വദിച്ചു വേണമെന്ന് നമ്മുടെ അധ്യാപകര്‍ പറയാറുണ്ട്. ഇത്തരത്തില്‍ ആസ്വദിച്ചു പഠിക്കാനുള്ള അവസരമാണ് പിഎസ്‌സി ട്രോളുകള്‍ ഒരുക്കുന്നത്. പഠനത്തോടൊപ്പം ആസ്വാദനത്തിനും പ്രാധാന്യം നല്‍കിയാണ് പിഎസ്‌സി ട്രോളുകള്‍ ഒരുക്കിയിരിക്കുന്നത്. ട്രോളുകളിലെ ഹാസ്യം തന്നെയാണ് ഈ പിഎസ്‌സി ട്രോളിനെയും മറ്റ് ട്രോളുകളെപ്പോലെ ആകര്‍ഷണീയമാക്കുന്നത്. ഹാസ്യത്തോടൊപ്പം വിജ്ഞാനത്തിന്റെ അംശം കൂടി ഉള്‍പ്പെടുത്തിയാണ് ഈ ട്രോളുകള്‍ ഒരുക്കിയിരിക്കുന്നത്.
ചിരി പടര്‍ത്തുന്ന സിനിമാ രംഗങ്ങളിലേക്ക് വിജ്ഞാനം പകരുന്ന പിഎസ്‌സി ചോദ്യോത്തരങ്ങള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയാണു പിഎസ്‌സി ട്രോള്‍സ് ചെയ്യുന്നത്. ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ശ്രമഫലമാണ് ഈ പിഎസ്‌സി ട്രോളുകളുടെ ജനനം. കഴിഞ്ഞ ജൂലൈ നാലിനാണ് ഈ പേജ് ആരംഭിച്ചത്. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഏവരും ഏറ്റെടുത്തു കഴിഞ്ഞു ഈ ട്രോള്‍ പേജിനെ. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവിടങ്ങളില്‍ ഈ പിഎസ്‌സി ട്രോളുകള്‍ താരങ്ങളായി മാറിയിരിക്കുകയാണ്.
പത്തനംതിട്ട മുസ്‌ലിയാര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളണ് ഈ ഉദ്യമത്തിന് പിന്നില്‍. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ നിധിന്‍രാജ് പുത്തന്‍വിളയില്‍, ലിഷോ കോശി എബ്രഹാം, അന്‍സന്‍ വര്‍ഗീസ്, അര്‍ജുന്‍ ശിവദാസ്, മെക്കാനിക്കല്‍ വിദ്യാര്‍ഥി അഫ്‌സല്‍ കബീര്‍ എന്നിവരാണ് ആ മിടുക്കന്മാര്‍. റയ്‌നോള്‍ഡ് നോര്‍ബര്‍ട്ട് എന്ന വിദ്യാര്‍ഥികൂടി ഇപ്പോള്‍ ഗ്രൂപ്പ് അഡ്മിനായി എത്തിയിട്ടുണ്ട്. തുടക്കത്തില്‍ ഇവര്‍ തയാറാക്കിയ ട്രോളുകളാണ് പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ തയാറാക്കുന്ന ട്രോളുകളും ഈ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവര്‍ നല്‍കുന്ന ആശയങ്ങള്‍ ഗ്രൂപ്പിലുള്ളവര്‍ ട്രോളായി മാറ്റുന്നുമുണ്ട്.
മറ്റുള്ളവരുടെ ട്രോളുകള്‍ പേജില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പ് കൃത്യമായ സ്ക്രീനിംഗിന് വിധേയമാക്കുന്നു. അതിനായി പിഎസ്‌സി ട്രോള്‍ എന്ന േക്ലാസ്ഡ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. കോച്ചിംഗിനും മറ്റും പോയി പഠിക്കുന്നതിനേക്കാള്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും പഠിക്കാനും സാധിക്കുന്നു എന്നാണ് ഈ ട്രോളുകളുടെ പ്രത്യേകത. ഫേസ്ബുക്ക് നോക്കിയിരിക്കാതെ പോയി രണ്ടക്ഷരം പഠിക്കെടാ എന്നു പറയുന്ന മാതാപിതാക്കള്‍ക്കുള്ള മറുപടിയായി ഈ ട്രോള്‍ പേജ് ഇപ്പോള്‍ മാറിയിരിക്കുന്നു.
പോയി പഠിക്കെടാ എന്ന മാതാപിതാക്കളുടെ വിരട്ടലിന് മറുപടിയായി പല വിരുതന്മാരും ഫേസ്ബുക്കിലെ പിഎസ്‌സി ട്രോള്‍ പേജ് നോക്കി പഠിക്കുകയാണെന്ന് വച്ചുകാച്ചിത്തുടങ്ങികഴിഞ്ഞു. ട്രോളുകള്‍ വെറും വിനോദം എന്ന ആക്ഷേത്തിന് ഒരു മറുപടിയായി മാറിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ഈ സംരംഭം. ഹാസ്യം+അറിവ് പിഎസ്‌സി ട്രോള്‍സ്, ഫീസില്ല ലൈക്ക് മാത്രം ഈ വരികള്‍ പിഎസ് സി ട്രോള്‍ ഗ്രൂപ്പില്‍ ചേര്‍ത്തിരിക്കുന്നതാണ്. അക്ഷരാര്‍ഥത്തില്‍ ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതാണ് ഈ പേജിന്റെ പ്രവര്‍ത്തനം.