കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ഡിഫ്തീരിയ ഭീതിയൊഴിയാതെ കോഴിക്കോട്. ജില്ലയില്‍ ഇതുവരെ 18 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇന്നലെ നഗരപരിധിയില്‍ രണ്ടുപേര്‍ക്ക് രോഗബാധ കണ്ടെത്തി. കോര്‍പറേഷനിലെ വെസ്റ്റ്ഹില്‍ വാര്‍ഡില്‍പ്പെട്ട 65കാരിക്കും നല്ലളം സ്വദേശിയായ 12വയസുള്ള കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരെ രോഗസമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
കുറ്റിക്കാട്ടൂര്‍, എകരൂല്‍, നെല്ലിക്കോട് ഭാഗങ്ങളില്‍ നിന്നുള്ളവരാണിവര്‍. നല്ലളത്തിനും വെസ്റ്റ്ഹില്ലിനും പുറമേ താമരശേരി, നടുവണ്ണൂര്‍, ചെക്യാട്, കുന്നമംഗലം, ചെറൂപ്പ, ഒളവണ്ണ, രാമനാട്ടുകര, പെരുമണ്ണ, വടകര, മടപ്പള്ളി എന്നിവിടങ്ങളിലാണ് ഇതുവരെ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ജില്ലയില്‍ പലയിടത്തും വൈറല്‍ പനി വ്യാപകമായിട്ടുണ്ട്. ഇന്നലെ മാത്രം 1081 പേരാണ് വൈറല്‍ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. പുതുപ്പാടിയില്‍ രണ്ടുപേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുരുവട്ടൂര്‍, രാമനാട്ടുകര, അരീക്കാട്, കക്കോടി എന്നിവിടങ്ങളില്‍ നിന്നായി നാലുപേര്‍ക്ക് എലിപ്പനി ബാധിച്ചു. ജില്ലയില്‍ മലേറിയ കേസുകളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇന്നല നാലു പേര്‍ക്ക് രോഗം കണ്ടെത്തി. കൊയിലാണ്ടിയില്‍ കഴിഞ്ഞദിവസം മലമ്പനി ബാധ കണ്ടെത്തിയിരുന്നു.