തൃശൂര്‍: ഇരുചക്ര വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ കൂടുതലും ഹെല്‍മറ്റ് വയ്ക്കാത്തവരാണെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ വാദം തെറ്റാണെന്ന് തെളിവുസഹിതം ടൂ വീലര്‍ യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തി.ഹെല്‍മറ്റ് വയ്ക്കാത്തവരാണ് അപകടത്തില്‍ കൂടുതല്‍ മരിക്കുന്നതെന്നും അതിനാലാണ് ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിച്ചവര്‍ക്കു മാത്രമേ പെട്രോള്‍ നല്‍കൂവെന്നാണ് ടോമിന് തച്ചങ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയില്‍ നിന്ന് നല്കിയ രേഖ പ്രകാരം 2015 ഏപ്രില്‍ മുതല്‍ 2015 നവംബര്‍ വരെയുള്ള 15,363 ഇരുചക്ര വാഹന അപകടങ്ങളില്‍ മരിച്ചത് 912 പേരാണ്. ഇതില്‍ 587 പേരും ഹെല്‍മറ്റ് ധരിച്ചിരുന്നവരാണെന്നാണ് രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
യാഥാര്‍ഥ്യം ഇതായിരിക്കേ സംസ്ഥാനത്തെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയാണ് ടോമിന് തച്ചങ്കരി സാധാരണക്കാരില്‍ കാടത്തമായ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അസോസിയേ ഷന് കുറ്റപ്പെടുത്തി. ഹെല്‍മറ്റ് വച്ചതുകൊണ്ടും അപകടമരണങ്ങള്‍ കുറയുല്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ മരണങ്ങള് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ ഹെല്‍മറ്റിന്റെ പേരില്‍ സാധാരണക്കാരെ വീണ്ടും ദ്രോഹിക്കാനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
റോഡിലെ കുഴികളില്‍ വീണും അമിത വേഗതയില്‍ വരുന്ന വാഹനങ്ങളിടിച്ചുമാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത്. ഇതിനും പുറമേ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയിലൂടെയും നിരവധി പേര്‍ക്കാണ് ജീവന് നഷ്ടപ്പെടുന്നത്. റോഡ് ശരിയാക്കാനോ, അമിത വേഗം കുറയ്ക്കാനോ നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാനോ കഴിയാതെ, ഇരുചക്ര വാഹനയാത്രക്കാരെ ദ്രോഹിക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന് ചെയര്മാന് ജെയിംസ് മുട്ടിക്കല്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളുടെ ഉദ്ദേശ ശുദ്ധി തന്നെ സംശയാസ്പദമാണെന്നും അസോസിയേഷന് വ്യക്തമാക്കി.