തത്തമംഗലം-പള്ളിമൊക്ക് റോഡില്‍ പാഴ്‌ചെടികള്‍ അപകടം വിതയ്ക്കുന്നു

PKD-KADUROADചിറ്റൂര്‍: തത്തമംഗലം-പള്ളിമൊക്കു റോഡില്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന പാഴ്‌ചെടികള്‍ മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി. വീതികുറഞ്ഞ റോഡിനു വടക്കുഭാഗത്ത് മൂലത്തറ ഇടതുകനാല്‍ ബണ്ടിലാണ് പാഴ്‌ചെടികള്‍ തഴച്ചുവളര്‍ന്നിരിക്കുന്നത്. വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ചെടിത്തൂപ്പുകളോടു ചേര്‍ന്നു നടക്കേണ്ട സാഹചര്യമാണുള്ളത്.തൂപ്പുകള്‍ക്കിടയില്‍ നിക്ഷേപിക്കുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ പെട്ടെന്ന് റോഡിലേക്ക് പാഞ്ഞുവരുമ്പോള്‍ യാത്രക്കാര്‍ റോഡിനു മധ്യത്തിലേക്കു മാറുന്നതും അപകടഭീഷണിയുണ്ടാക്കുന്നു.

മൂലത്തറ ഇടതുകനാലില്‍ അടിഞ്ഞു കൂടിയ മണ്ണും മാലിന്യവും രണ്ടുമാസംമുമ്പ് കനാല്‍ബണ്ടില്‍ നിക്ഷേപിച്ചിരുന്നു. മഴ തുടങ്ങിയതോടെയാണ് ഈ സ്ഥലത്ത് ചെടികള്‍ കാടുപിടിച്ചു വളര്‍ന്നിരിക്കുന്നത്. ചെടിത്തൂപ്പുകള്‍ക്കുസമീപത്ത് ഇഴജന്തുക്കളുടെ സാമീപ്യവും കണ്ടുവരുന്നു. സ്ഥലത്ത് പ്രഭാതസമയത്ത് വാഹനം കയറി ചത്ത വിഷപാമ്പുകളെയും കാണാനാകും.  കനാല്‍ബണ്ടിലെ പാഴ്‌ചെടികള്‍ ജലസേചനവകുപ്പ് അധികൃതര്‍ എത്രയുംവേഗം ശുചീകരിച്ച് ഗതാഗതതടസം നീക്കുന്നതിനു നടപടിയെടുക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related posts