തലമുറമാറ്റം എന്നാല്‍… എ.കെ.ആന്റണിക്കു ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍; ആന്റണിക്കെതിരേ യുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു

t-antonyതൊടുപുഴ: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയായ എ.കെ.ആന്റണിയ്‌ക്കെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയുമുളള യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. എ.കെ.ആന്റണി, രാഹൂല്‍ഗാന്ധി, കെപിസിസി പ്രസിഡന്റ്  വി.എം. സുധീരന്‍ എന്നിവര്‍ക്കെരെ ഫെയ്‌സ് ബുക്കിലിട്ട വിവാദപോസ്റ്റാണ് വൈറലാകുന്നത്. യൂത്ത് കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റ് ലിജോ ജോസാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എ.കെ.ആന്റണി കേന്ദ്രത്തില്‍ പോയി ഉപേദശിച്ച് 442 സീറ്റില്‍ നിന്നും 42 സീറ്റാക്കിയെന്നും അവിടെ തലമുറ മാറ്റി രാഹുല്‍ ഗാന്ധിയെ കൊണ്ടു വന്നു ഈ അവസ്ഥയിലാക്കിയെന്നും പോസ്റ്റില്‍ വിമര്‍ശിക്കുന്നു.കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആന്റണിയുടെ പരാമര്‍ശത്തെ അടിസ്ഥാനമാക്കി ഫെയ്‌സ് ബുക്കിലാണ് വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്. 83 വയസിലും രാജ്യസഭയില്‍ പോയി സേവനം നടത്തുന്ന മഹാന്‍ ആദ്യം തലമുറ മാറേണ്ടതു രാജ്യസഭയില്‍ കാണിച്ചു തരണമെന്നും വാദിക്കുന്നു.  എ.കെ.ആന്റണിക്കു ഉമ്മന്‍ചാണ്ടിയെ വെട്ടാനാണു ഈ തലമുറമാറ്റവാദമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വാദിക്കുന്നു.

തലമുറമാറ്റത്തിനുവേണ്ടി വാദിക്കുന്ന ആന്റണി, സുധീരനെ ഡല്‍ഹിക്കു കൊണ്ടു പോയാല്‍ പുണ്യം കിട്ടുമെന്നും പോസ്റ്റില്‍പറയുന്നു. ഈപോസ്റ്റ് വിവാദമായതോടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ലിജോ ജോസിനെതിരേ പരാതി അയയ്ക്കുന്ന തിരക്കിലാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഗ്രൂപ്പുകാര്‍. ഇതു സംബന്ധിച്ചു ലിജോയോടു വിശദീകരണം തേടുമെന്നു യൂത്ത് കോണ്‍ഗ്രസ്  ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോമാണി രാഷ്്ട്രദീപികയോടു പറഞ്ഞു.

Related posts