തളിപ്പറമ്പ്: പൊതുവഴിയില്‍ ഇരുമ്പ് കമ്പികള്‍ കൂട്ടിയിട്ടത് കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി. തളിപ്പറമ്പ് ദേശീയപാതയിലാണ് നൂറുകണക്കിനാളുകള്‍ വഴിനടന്നുപോകുന്ന സ്ഥലത്ത് ടണ്‍ കണക്കിന് ഇരുമ്പ് കമ്പികള്‍ ശേഖരിച്ചുവച്ചിരിക്കുന്നത്. ഇതുകാരണം നടന്നുപോകുന്ന നിരവധി കാല്‍നടയാത്രക്കാര്‍ക്ക് കാലില്‍ കമ്പി കയറി ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. പൊതുസ്ഥലത്തെ കമ്പിശേഖരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പരാതിയുമായി രംഗത്തുണ്ട്.
ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ കമ്പിശേഖരം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും താത്കാലികമായി മാറ്റി വീണ്ടും കമ്പികള്‍ പൊതുവഴിയില്‍ കൂട്ടിയിടുന്നതായാണ് ആക്ഷേപം. നേരത്തെ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും നഗരസഭയിലും നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് വില്ലേജ് ഓഫീസര്‍ സ്ഥലപരിശോധന നടത്തുകയും കമ്പികള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് റിപ്പോര്‍ട്ട് നല്‍കിയതുമാണ്. രാത്രി കാലങ്ങളിലാണ് ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അപായകരമായ നിലയിലുള്ള ഈ കമ്പിശേഖരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും തലശേരി ആര്‍ഡിഒക്കും വീണ്ടും പരാതികള്‍ നല്‍കിയിട്ടുണ്ട്.