തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം റോഡ് പശുക്കള്‍ കൈയടക്കി. സംസ്ഥാനപാതയില്‍ നിന്നും സര്‍സയ്യിദ് കോളജ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിലാണ് രാത്രികാലങ്ങളില്‍ തെരുവ് പശുക്കള്‍ തമ്പടിക്കുന്നത്. റോഡില്‍ തന്നെ ഗതാഗതം തടസപ്പെടുത്തി കിടക്കുന്ന പശുക്കളുടെ ശല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അഗ്നിശമന നിലയം അധികൃതര്‍ തന്നെയാണ്. രാത്രികാലങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ തിരക്കിട്ട് പോകുന്ന വണ്ടികള്‍ക്ക് പശുക്കള്‍ വലിയ തലവേദന തന്നെയാണ്. ഹോണ്‍ അടിച്ചാല്‍ പോലും മാറിപ്പോകാത്ത ഇവയെ വണ്ടിയില്‍ നിന്ന് ഇറങ്ങി റോഡില്‍ നിന്നും തെളിച്ചുമാറ്റേണ്ട ഗതികേടിലാണ് സേനാംഗങ്ങള്‍. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
തളിപ്പറമ്പ് അഗ്നിശമനനിലയം റോഡ് പശുക്കള്‍ കൈയടക്കി
