തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. മുയ്യം സ്വദേശി കണ്ടോത്ത് പുതിയപുരയില്‍ സാജിദിനാണ് (26) മര്‍ദ്ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.സുബൈര്‍, റഷീദ്, ഷിഹാഫ് എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരുമാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഇന്നലെ രാത്രി മുയ്യം യുപി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഡ്രൈവറായ സാജിദ് ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കോടിച്ചുപോകവെ മുയ്യം യുപി സ്കൂളിനടുത്ത് വെച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി വലിച്ചുപുറത്തിട്ട് ഇരുമ്പ് വടി, കൊളുത്ത് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് തലയില്‍ കീറിയ നിലയിലാണ്. സാജിദിന്റെ നിലവിളി കേട്ട് നാട്ട—കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തത്തി. ഇന്നലെ രാത്രി തന്നെ പ്രതികള്‍ക്ക് വേണ്ടി വ്യാപക തെരച്ചില്‍ ആരംഭിച്ചുവെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് സിപിഎം-ലീഗ് സംഘട്ടനങ്ങള്‍ നടന്നുവരുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രത പാലിച്ചുവരികയാണ്. ലീഗ് പ്രവര്‍ത്തകനായിരുന്ന സാജിദ് സിപിഎമ്മില്‍ ചേര്‍ന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.