തീരത്ത് ഇടിച്ചുകയറിയ മണ്ണുമാന്തികപ്പല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

klm-kappalകൊല്ലം:  ഇരവിപുരം തീരത്ത് ഇടിച്ചുകയറിയ ഹന്‍സിത എന്ന മണ്ണുമാന്തികപ്പല്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എം.നൗഷാദ് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.  ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കി.  മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇത് സംബന്ധിച്ച നിവേദനം നല്‍കിയതായി നൗഷാദ് അറിയിച്ചു. കപ്പല്‍ തീരത്ത് ഇടിച്ചുകയറിയിട്ട് ് ഒരു മാസം കഴിഞ്ഞു. ഇനിയും കപ്പല്‍ ഉടമകളുടെ വാക്ക് വിശ്വസിച്ച് സര്‍ക്കാര്‍ കാത്തിരിക്കരുത്.

ഇപ്പോള്‍ കപ്പല്‍ ഉടസ്ഥരായ മേഘ ഡ്രഡ്ജിംഗ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ നല്‍കിയ സ്വകാര്യ ഏജന്‍സിയാണ് കപ്പല്‍ നീക്കാനുള്ള പരിശ്രമം നടത്തുന്നത്. എന്നാല്‍ അവരുടെ സാങ്കേതിക വിദ്യ കപ്പല്‍ നീക്കുന്നതിന് പര്യാപ്തമല്ലെന്ന് ബോധ്യമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  നിവേദനത്തില്‍ ആവശ്യപ്പെട്ടു. കപ്പല്‍ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ തങ്ങള്‍ക്കില്ലെന്ന് നാവിക സേനയും കോസ്റ്റ്ഗാര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന ധാരണ പരത്തി തീരത്തിട്ട് പൊളിക്കുകയാണ് ഉടമസ്ഥരുടെ ലക്ഷ്യമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഇത് ഒരു കാരണവശാലും അനുവദിക്കരുതെന്നും നൗഷാദ് ആവശ്യപ്പെട്ടു. ഏത് വിധേനയും കപ്പല്‍ തീരത്ത് നിന്നും ഉള്‍ക്കടലിലേയ്ക്കും നീക്കം ചെയ്‌തേ മതിയാകൂ. സര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനം ഉടമസ്ഥരായ മേഘ കമ്പനി ലംഘിച്ചിരിക്കുകയാണ്. കപ്പല്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനി നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടിരിക്കുന്നു. തീരത്തിന്റെയും തീരദേശവാസികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്ന് നൗഷാദ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related posts