ന്യൂഡല്‍ഹി: ശബരിമലയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കണെമെന്നും കേന്ദ്ര നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാനത്തിനു കത്തയച്ചു. തീവ്രവാദികള്‍ ശബരിമലയെ ലക്ഷ്യം വച്ചിട്ടുണ്ടെന്നും നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന മണ്ഡലകാലത്താണ് ഭീഷണിയുള്ളതെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മെറ്റല്‍ ഡിറ്റക്ടറിനു പോലും കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള രീതകളിലൂടെയാകും തീവ്രവാദികള്‍ ശബരിമലയുടെ സുരക്ഷയെ മറികടക്കാന്‍ പദ്ധതിയൊരുക്കിയിട്ടുള്ളതെന്നു സൂചനകളുണ്ടെന്നും കത്തിലുണ്ട്. അതിനാല്‍ സന്നിധാനത്തും പരിസരങ്ങളിലുമടക്കം പഴുതുകളില്ലാത്ത സുരക്ഷയൊരുക്കണമെന്നാണ് നിര്‍ദേശം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടന കാലത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഇന്നു ചേര്‍ന്നിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എണ്ണമറ്റ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.