വടക്കഞ്ചേരി: വേളാങ്കണ്ണി പള്ളിയിലേക്ക് അങ്കമാലി, ചാലക്കുടി മേഖലയില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവ് തുടങ്ങി.കാവി വസ്ത്രങ്ങള്‍ ധരിച്ച് ജപമാല ചൊല്ലിയും പ്രാര്‍ഥനകള്‍ ഉരുവിട്ടുമാണ് ചെറുസംഘങ്ങളായി കാല്‍നടയായി പോകുന്നത്. 14-ാംമത്തെ വര്‍ഷവും തുടര്‍ച്ചയായി വേളാങ്കണ്ണി പള്ളി തിരുനാളില്‍ പങ്കെടുക്കാന്‍ ഇക്കുറിയും 70 വയസുകാരനായ തോമസ് ചേട്ടനും കാല്‍നടക്കാരുടെ കൂട്ടത്തിലുണ്ട്, ഇരു ടീമിന്റെ ലീഡര്‍ കൂടിയാണ് തോമസ് ചേട്ടന്‍.
ഡേവിസിന്റെ നേതൃത്വത്തിലാണ് മറ്റൊരു ടീമുള്ളത്. നിശ്ചല ദൃശ്യങ്ങളും ഭക്തിഗാനാലാപനവുമായാണ് മറ്റൊരു സംഘം കാല്‍നടയായി ഒപ്പമുള്ളത്. തിങ്കളാഴ്ചയാണ് ചെറുസംഘങ്ങളായി അങ്കമാലിയില്‍ നിന്നും യാത്ര ആരംഭിച്ചത്. ഇതിലെ ഒരു സംഘം ഇന്നലെ വടക്കഞ്ചേരിയിലെ രാത്രിയിലും പകലും ഉണ്ടായിരുന്നു. രാത്രികളില്‍ പാതയോരത്തെ ഏതെങ്കിലും വിശ്രമകേന്ദ്രങ്ങളില്‍തങ്ങും, ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവര്‍വരെ ഇക്കൂട്ടത്തിലുണ്ട്. തീര്‍ഥയാത്രയ്ക്ക് മുന്നോടിയായി നോമ്പും മറ്റു വ്രതാനുഷ്ഠാനങ്ങളും നടത്തിയാണ് ഇവര്‍ വേളാങ്കണ്ണിയിലെത്തുന്നത്.