പത്തനംതിട്ട: മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലും ജാഗ്രതാനിര്‍ദേശം. യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാത്ത കളക്ടറേറ്റില്‍ അടിയന്തരമായി ചെയ്യേണ്ട സു രക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് പോലീസ് നടപടികളാരംഭിച്ചു. കളക്ടറേറ്റിനൊപ്പം ബസ് സ്റ്റാന്‍ഡ്, കോടതികള്‍ എന്നിവിടങ്ങളിലും പോലീസ് പ്രത്യേക നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഏതുവഴിയിലേക്കും പ്രവേശിക്കാമെന്നതാണ് സുരക്ഷ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. പ്രധാനകവാടം ടികെ റോഡിനോടു ചേര്‍ന്നാണ്. ഇതിനു തൊട്ടപ്പുറത്ത് ഒരു വഴിയുണ്ട്.
കൂടാതെ കളക്ടറേറ്റിനു പിന്നിലൂടെയും വശങ്ങളിലൂടെയുമെല്ലാം അകത്തു കടക്കാനാകും. സുരക്ഷ സംവിധാനങ്ങള്‍ യാതൊന്നും ഗേറ്റുകളില്‍ ഇല്ലാത്തതിനാല്‍ അകത്തുകയറുന്നവരെ സംബന്ധിച്ച് വിവരശേഖരണമൊന്നുമില്ല. കളക്ടറേറ്റ് വളപ്പില്‍ നിന്ന് കളക്ടറേറ്റിനുള്ളിലേക്കു കയറാനും ഒന്നിലേറെ കവാടങ്ങള്‍ ഉണ്ട്.കാമറകളും കളക്ടറേറ്റിനുള്ളി ല്‍ മാത്രമാണ്. ഇതാകട്ടെ ജീവനക്കാരെ നിരീക്ഷിക്കാന്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കളക്ടറേറ്റ് വളപ്പില്‍ വാഹനങ്ങള്‍ക്കു യഥേഷ്ടം പാര്‍ക്ക് ചെയ്യാനുമാകും. പുറത്തുനിന്നുള്ളവര്‍ പോലും തങ്ങളുടെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള ഇടമായി കളക്ടറേറ്റ് വളപ്പിനെ മാറ്റിയിട്ടുണ്ട്.
സെക്യൂരിറ്റിവിഭാഗത്തില്‍ മിക്കപ്പോഴും ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. കളക്ടറേറ്റിനുള്ളിലെ വണ്‍വേ സംവിധാനം കാര്യക്ഷമമാക്കുന്ന ജോലി മാത്രമാണ് സെക്യൂരിറ്റിക്കാരനുള്ളത്. രണ്ടുപേരെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളതെന്നു പറയുന്നു. പ്രത്യേക ഗാര്‍ഡ്‌റൂമില്ലാത്തതിനാല്‍ ഇലക്ട്രിക്കല്‍ ഓഫീസിലാണ് ഇവരുടെ വിശ്രമം.പോലീസ് എയ്ഡ്‌പോസ്റ്റ് കളക്ടറേറ്റിനുള്ളില്‍ വേണമെന്നാവശ്യമുണ്ടായതാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പോലീസ് തന്നെയാണ് തള്ളിയതെന്നു പറയുന്നു. കളക്ടറേറ്റിനുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടെത്തുന്ന തൊഴിലാളികള്‍ ഏറെപ്പേരും കളക്ടറേറ്റ് കോമ്പൗണ്ടില്‍ തന്നെ താത്കാലിക ഷെഡുകള്‍ നിര്‍മിച്ചു താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ യാതൊന്നും അധികൃതരുടെ പക്കല്‍ ഇല്ല.