കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നു. എന്‍ഡിഎ മുന്നണിയില്‍ ലോക് ജനശക്തി പാര്‍ട്ടിക്കാണ് തൃക്കാക്കര നിയോജക മണ്ഡലം സീറ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ലോക് ജനശക്തി പാര്‍ട്ടിയിലെ അഡ്വ. വിവേക് കെ.വി. ജയന്റെ പേര് ആദ്യം തീരുമാനിച്ചുവെങ്കിലും പിന്നീട് തര്‍ക്കം ഉണ്ടാകുകയായിരുന്നു. ലോക് ജനശക്തി പാര്‍ട്ടിയിലെ സംസ്ഥാന നേതൃനിരയിലെ രമ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. അന്തിമ തീരുമാനത്തിനായി ജില്ലാ നേതൃത്വം രാംവിലാസ് പാസ്വാന്‍ ലിസ്റ്റ് അയച്ചിരിക്കുകയാണ്. ഇതിനിടയില്‍ ബിജെപി നേതൃത്വം തൃക്കാക്കര സീറ്റ് ബിജെപിക്കു ലഭിക്കണമെന്നാവശ്യവും ശക്തമാക്കിയിട്ടുണ്ട്.
അങ്ങനെ വന്നാല്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍. സജികുമാര്‍, വിശ്വഹിന്ദു മേഖലാ നേതൃനിരയിലുള്ള എസ്. സജി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവര്‍ രണ്ടുപേരും തൃക്കാക്കര നിയോജക മണ്ഡലത്തിലുള്ളവരുമാണ്. ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കമാണ് പരിഹരിക്കപ്പെടാതെയുള്ളത്. സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തെ ചുമതലപ്പെടുത്തി ലിസ്റ്റ് പോയിട്ടുള്ളത്. അന്തിമ തീരുമാനം രാംവിലാസ് പാസ്വാന്റേതായിരിക്കും.
രമ ജോര്‍ജ് പസ്വാനെ കാണാന്‍ ഡല്‍ഹിക്കു പോയിട്ടുണ്ട്. സാധ്യത കൂടുതല്‍ ഇവര്‍ക്കായിരിക്കുമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. രമ ജോര്‍ജ് കോട്ടയംകാരിയാണെങ്കിലും വര്‍ഷങ്ങളായി ഇടപ്പള്ളിയിലാണ് താമസം. ഇവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ ഇന്നോ നാളെയോ തീരുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.