തൃശൂര്‍ റെയില്‍വേ സ്റ്റേഷനും ഹൈടെക് ആകുന്നു

TCR-EXALATERതൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയ വൈ-ഫൈ സംവിധാനത്തിന്റെയും  ഭാഗികമായി നിര്‍മിച്ച എസ്കലേറ്ററിന്റെയും ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 26ന് നിര്‍വഹിക്കും. രാവിലെ 10.30ന് കോഴിക്കോടിരുന്നാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരിലെ ഉദ്ഘാടനം നിര്‍വഹിക്കുക. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലൊരുക്കുന്ന ചടങ്ങില്‍ സി.എന്‍.ജയദേവന്‍ എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദിവസങ്ങള്‍ക്കു മുമ്പു തന്നെ റെയില്‍വേ സ്റ്റേഷനിലെ വൈ-ഫൈ സംവിധാനം സുസജ്ജമായി കഴിഞ്ഞിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ വൈ-ഫൈ സംവിധാനം യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് കേന്ദ്രമന്ത്രി നിര്‍വഹിക്കുന്നത്. ഏതാണ്ട് പതിനായിരം പേര്‍ക്ക് അതിവേഗത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ് വൈ-ഫൈ. ഏറ്റവും മികച്ച സേവനം ലഭ്യമാകുന്ന ഹോട്ട് സ്‌പോട്ടുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ പറഞ്ഞു.

എസ്കലേറ്റര്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിന്ന് കയറുന്നതു മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ഇവിടെ നിന്ന് എസ്കലേറ്ററില്‍ കയറി സുഖമായി മുകളിലെത്താം. പക്ഷേ താഴേക്കിറങ്ങണമെങ്കില്‍ ചവിട്ടുപടികളിലൂടെ ഇറങ്ങേണ്ടി വരും. ചൈനയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് എസ്കലേറ്ററിന്റെ യന്ത്ര സാമഗ്രികള്‍ എത്താന്‍ വൈകുന്നതെന്നാണ് അധികാരികള്‍ പറയുന്നത്.

ചൈനയില്‍ നിന്നാണ് കരാര്‍ ഏല്‍പ്പിച്ചിരിക്കുന്ന ജോണ്‍സന്‍ കമ്പനി യന്ത്ര സാമഗ്രികള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. യന്ത്രസാമഗ്രികള്‍ എത്തിയാല്‍ ഉടന്‍ തന്നെ പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്നു പറയുന്നു. എ-വണ്‍ സ്റ്റേഷനായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ അത്യാധുനിക സൗകര്യങ്ങളോടെ ഹൈടെക്കായി മാറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ വികസനത്തിന് വേണ്ടത്ര വേഗതയില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Related posts