കോട്ടയം: രാഷ്ട്രീയ പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും ആവേശത്തിലാഴ്ത്തിയ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ടു പകല്‍ മാത്രം. അവസാന ഘട്ടത്തിലേക്കു കടക്കുന്ന പരസ്യപ്രചാരണം നാളെ ഉച്ചകഴിഞ്ഞു കലാശക്കൊട്ടോടെ അവസാനിക്കും. അവസാന ഘട്ടത്തില്‍ ആരോപണങ്ങളും പ്രത്യോരോപണങ്ങളുമായി മുന്നണികള്‍ വാശിയേറിയ പോരാട്ടമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ പുറകില്‍ പോയവര്‍ പലരും മുന്നിലെത്തുന്ന കാഴ്ച പല മണ്ഡലങ്ങളിലും കാണാം. ചില മണ്ഡലങ്ങളില്‍ ബിജെപി-ബിഡിജെഎസ് വോട്ടുകള്‍ എങ്ങനെയാകുമെന്ന കണക്കുകൂട്ടലിലാണു മുന്നണികള്‍. ചുരുക്കം മണ്ഡലങ്ങളില്‍ ഫലം ഫോട്ടോ ഫിനിഷിലേക്കെന്ന നിലയിലേക്കാണ്.
ഇന്നും നാളെയുമായി വോട്ടിംഗ് സ്ലിപ്പുമായുള്ള അവസാനവട്ട ഭവനസന്ദര്‍ശനവും മുന്നണികള്‍ നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അവസാനവട്ട ഭവനസന്ദര്‍ശനവും പൂര്‍ത്തിയായി. പ്രകടന പത്രികയ്ക്കു പുറമേ വികസനപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ചെറുപത്രങ്ങളും ഓരോ വീടുകളിലുമെത്തിക്കുന്നുണ്ട്. മുന്നണികള്‍ക്കെതിരെയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും അടങ്ങിയ നോട്ടീസുകളും മിക്ക സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികള്‍ വലിയ പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും അവസാനതന്ത്രങ്ങളും മെനയുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാതല നേതൃയോഗങ്ങള്‍ ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. സിപിഎമ്മാകട്ടെ എല്ലാ മണ്ഡലം കമ്മിറ്റികളും ചേര്‍ന്നു തെരഞ്ഞെടുപ്പ് അവലോകനം നടത്തി.
പോരായ്മകള്‍ ഉള്ള മണ്ഡലങ്ങളില്‍ സംസ്ഥാനനേതാക്കള്‍ നേരിട്ടെത്തി ഇന്നും നാളെയും തന്ത്രങ്ങള്‍ മെനയും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് എല്ലാ മണ്ഡലത്തിലും യുഡിഎഫ് അവലോകനം നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് നാളെ രാവിലെ ജില്ലയിലെത്തി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയും. ബിജെപിക്ക് ജില്ലയുടെ തെരഞ്ഞെടുപ്പു ചുമതല നല്‍കിയിരിക്കുന്ന സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ തമ്പടിച്ചാണു പ്രചാരണ പ്രവര്‍ത്തനങ്ങളും അവസാനതന്ത്രങ്ങളും ഒരുക്കുന്നത്. എല്ലാമണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് ബിജെപിയുടെയും ബിഡിജെഎസിന്റെയും നീക്കം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്ത് യുഡിഎഫിന്റെ പ്രചാരണ നായകന് ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു.
കുടുംബയോഗങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കൂടുതലായി പങ്കെടുത്തത്. കഴിഞ്ഞദിവസത്തെ പര്യടന സമയത്ത് എത്തിച്ചേരാത്ത സ്ഥലങ്ങളിലും കോളനികളിലും ജനവാസകേന്ദ്രങ്ങളിലുമാണ് ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പര്യടനം. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം യുഡിഎഫിനുവേണ്ടി ജില്ലയിലെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ആദ്യം മുതലേ കുടുംബയോഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു ബുത്തു കേന്ദ്രീകരിച്ച് രണ്ടും മൂന്നും കുടുംബയോഗങ്ങള്‍ വരെ എല്‍ഡിഎഫ് നടത്തി. തുറന്ന വാഹനത്തിലുള്ള സ്ഥാനാര്‍ഥികളുടെ പര്യടനം മിക്കയിടങ്ങളിലും ഇന്നേ പൂര്‍ത്തിയാകൂ. കഴിഞ്ഞ ദിവസങ്ങളിലെ പര്യടന സമയത്ത് എത്തിപ്പെടാത്ത സ്ഥലങ്ങളിലൂടെ നാളെ രാവിലെ ഒരു ഓട്ടപ്രദക്ഷിണം. വൈകുന്നേരം പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് സമാപനയോഗങ്ങളും ഇടതുമുന്നണി ഒരുക്കുന്നുണ്ട്.
ഇടതു മുന്നണിയുടെ പ്രമുഖ നേതാക്കളെല്ലാം നേരത്തെതന്നെ ജില്ലയിലെ പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു.എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഇന്നലെ മഹാവിജയം മഹാറാലി എന്ന പേരില്‍ മിക്കയിടത്തും റാലികള്‍ നടന്നു. സ്ഥാനാര്‍ഥികളുടെ തുറന്ന വാഹനത്തിലൂടെയുള്ള പര്യടനം മിക്ക മണ്ഡലങ്ങളിലും പൂര്‍ത്തിയായി. പൂര്‍ത്തിയാകാത്ത മണ്ഡലങ്ങളില്‍ ഇന്നു പൂര്‍ത്തിയാകും. വൈകുന്നേരങ്ങളില്‍ ശക്തികേന്ദ്രങ്ങളില്‍ കുടുംബയോഗങ്ങളും നടക്കുന്നുണ്ട്. കലാശക്കൊട്ടിനായുള്ള എന്‍ഡിഎ മുന്നണിയുടെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി ഇന്നലെയും ചലച്ചിത്ര താരങ്ങളും ബിഡിജെഎസ് നേതാക്കളും വിവിധ മണ്ഡലങ്ങളില്‍ എത്തിയിരുന്നു.