വടകര: തെരുവോരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഭയപ്പാടോടെ കിടന്നുറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയില്‍ വടകരയില്‍ ‘ശുഭരാത്രി’ പദ്ധതി ഒരുങ്ങുന്നു. പോലീസ്, നഗരസഭ, തണല്‍ എന്നിവ ചേര്‍ന്നാണ് തെരുവുകളില്‍ കഴിയുന്നവര്‍ക്ക് ശുഭരാത്രി നേരുന്നത്. നമ്മുടെ അമ്മമാരും സഹോദരിമാരും വീടുകളില്‍ സുരക്ഷിതമായി കഴിയുമ്പോള്‍ തെരുവിലുറങ്ങുന്ന സ്ത്രീകളും കുട്ടികളും രാത്രിയുടെ മറവില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുവെന്ന തിരിച്ചറിവാണ് ശുഭരാത്രിയുടെ പിറവിക്കു പിന്നിലെന്ന് സിഐ എ.ഉമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ വിജയത്തിനു സേവന തത്പരരായ 100 യുവതീ-യുവാക്കളുടെ വളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരിക്കും. രാത്രി ഏഴ് മുതല്‍ ഒമ്പതു വരെ പോലീസ് വാഹനവും ആംബുലന്‍സും ഉപയോഗിച്ച് തെരുവില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കുടുംബശ്രീ യൂനിറ്റുകളും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അധ്യാപികമാരും ജാഗ്രത സമിതി പ്രവര്‍ത്തകരും വിവിധ മേഖലകളിലുള്ളവരും ഒറ്റക്കെട്ടായി വടകര നഗരം സുരക്ഷിതമാക്കാനുള്ള ഈ കര്‍മത്തില്‍ പങ്കാളികളാവും.
പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വടകരയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരെ താമസിപ്പിക്കേണ്ട സുരക്ഷിത കേന്ദ്രം ഒരുക്കുന്നത് നഗരസഭയും ഭക്ഷണം നല്‍കുന്നത് തണലുമാണ്. മറ്റു സഹായങ്ങള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. കേന്ദ്രത്തില്‍ എത്തിച്ചേരുന്നവര്‍ക്കു വേണ്ട ആതുര സേവനങ്ങളും തണലാണ് നല്‍കുക. ദിവസേന അഞ്ചംഗ ടീമിനെ ഡ്യൂട്ടിക്കായി നിയോഗിക്കും. വളണ്ടിയര്‍ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവതികളടക്കമുള്ളവര്‍ 22ന് മുമ്പ് വടകര സിഐ ഓഫീസിലോ തണല്‍ ഓഫീസിലോ പേരു നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് പരീശലനം നല്‍കും.
0496 2513474, 9497987186 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. ശുഭരാത്രി പദ്ധതിയുടെ ലോഗാ തയാറാക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനു മുല്ലപ്പള്ളി രാമചന്ദ്രന് എംപി, സി.കെ.നാണു എംഎല്‍എ, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍, ഡിവൈഎസ്പി കെ.സുദര്ശന് എന്നിവര്‍ രക്ഷാധികാരികളും മുനിസിപ്പല്‍ ചെയര്മാന് കെ.ശ്രീധരന് ചെയര്‍മാനും സിഐ എ.ഉമേഷ് കണ്‍വീനറും തണല്‍ ചെയര്മാന് ഡോ:ഇദ്രീസ് കോ-ഓഡിനേറ്ററുമായി ശുഭരാത്രി പ്രവര്‍ത്തക സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് കെ.ശ്രീധരന്, ഡോ: ഇദ്രീസ് എന്നിവരും സംബന്ധിച്ചു.