നെടുമ്പാശേരി: തെരുവുനായകളെ പിടിക്കു ന്നതിന് സ്ത്രീകളും കളത്തി ലിറങ്ങുന്നു. കുന്നുകരയില്‍ തെരുവുനായകളെ പിടികൂടാന്‍ രംഗത്തിറങ്ങിയ സ്തീയും ശ്രദ്ധേയയായി. കുന്നുകര ചാലാക്കല്‍ പൊന്കണ്ടത്തില് രാമന്‍കുഞ്ഞിന്റെ മകള്‍ പുഷ്പയാണ് ആദ്യ വനിതാ “ഡോഗ് കാച്ചര്‍.’ നായ പിടുത്തത്തിനെതിരെ മൃഗസ്നേഹികള്‍ രംഗത്ത് വരികയും, മറ്റു ജോലികളെ അപേക്ഷിച്ച് ഈ ജോലിക്ക് വേതനം കുറവാകുകയും ചെയ്തതോടെ ഈ രംഗത്തു നിന്ന് പുരുഷന്മാര് പിന്മാറിയിരുന്നു.
ചെറുപ്പം മുതല്‍ മൃഗങ്ങളെ സ്നേഹിച്ചിരുന്ന പുഷ്പ കുന്നുകര പഞ്ചായത്തില്‍ ആരംഭിച്ച മൃഗ പ്രജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പട്ടിയെ പിടിക്കാന്‍ ഇറങ്ങിയത്. ഇതിനായി കുന്നുകര വെറ്ററിനറി സര്ജന് ലാല്‍ജിയാണ് പുഷ്പയ്ക്ക് പരിശീലനം നല്‍കിയത്. വല ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് പട്ടിയെ പിടിക്കുന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന പന്ത്രണേ്ടാളം നായകളെ പുഷ്പ പിടികൂടി. ഇങ്ങനെ പിടിക്കുന്ന നായകളെ കുന്നുകര വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്.
വന്ധ്യംകരണത്തിനു ശേഷം ഇവയെ പാര്‍പ്പിക്കാന്‍ പട്ടിക്കൂടും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യക്കാരായി എത്തുന്നവര്‍ക്ക് വളര്‍ത്താനും ഇവിടെ നിന്നു നായകളെ നല്‍കും. ഷീടാക്സി ഡ്രൈവര്‍ കൂടിയായ പുഷ്പ സാമൂഹ്യപ്രതിബദ്ധത കൊണ്ടുമാത്രമാണ് നായ പിടിത്തത്തിന് ഇറങ്ങിയത്. തെരുവുനായകളുടെ ശല്യംമൂലം കൊച്ചുകുട്ടികള്‍ അടക്കം ബുദ്ധിമുട്ട് നേരിടുന്നതും നിരവധി പേരുടെ ഉപജീവനമാര്‍ഗം തെരുവുനായകള്‍ മൂലം ഇല്ലാതായതും ശ്രദ്ധയില്‍പ്പെട്ടത് പുഷ്പയെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ മൃഗസ്നേഹിയായ പുഷ്പയ്ക്ക് നായയെ ദയയില്ലാതെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിക്കാനായില്ല.
ഇതിനിടയിലാണ് കുന്നുകര ഗ്രാമ പഞ്ചായത്തിന്റെയും മൃഗസംരക്ഷ വകുപ്പിന്റെയും നേതൃത്വത്തില്‍ തെരുവുനായകളെ പിടികൂടി പുനരധിവസിപ്പിക്കുന്ന പദ്ധതിയെ കുറിച്ച് അറിയുന്നത്. അങ്ങനെയാണ് സ്വയം സന്നദ്ധയായി നായപിടുത്തത്തിന് പുഷ്പ എത്തുന്നത്. പിടിച്ചുകൊണ്ടുവന്ന് കൂട്ടിലിട്ട് വളര്‍ത്തുന്ന നായകളെ പരിപാലിക്കാനും എല്ലാ ദിവസവും പുഷ്പ കുന്നുകര മൃഗാശുപത്രിയില്‍ എത്തുന്നുണ്ട്. കുന്നുകരയെ സമ്പൂര്‍ണ തെരുവുനായ മുക്ത പഞ്ചായത്താക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.