തൃശൂര്‍: തെരുവുനായ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തൃശൂരില്‍ പറഞ്ഞു. മാള പൊയ്യയില്‍ തെരുവുനായയുടെ കടിയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടികളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായ്ക്കളുടെ കടിയേറ്റ് ചികിത്സയിലുള്ളവരുടെ ചെലവുകളും വിദഗ്ധ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇരകള്‍ക്കു തക്കതായ നഷ്്ടപരിഹാരം നല്‍കണം. കേരളത്തിന്റെ പൊതുസ്ഥിതി സുപ്രീംകോടതിയെ അറിയിക്കാനും നിയമ തടസങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ അഭിപ്രായ സമവായത്തിനായി സര്‍വകക്ഷിയോഗം വിളിക്കണം. നായ്ക്കളുടെ ജീവന് സംരക്ഷിക്കണമെന്നൊക്കെ പറയുന്നതില്‍ തെറ്റില്ല. പക്ഷേ, മനുഷ്യജീവന്റെ പ്രാധാന്യം കുറച്ചുകാണാനാവില്ല. മനുഷ്യജീവിതത്തിനു നിയമ പരിരക്ഷ ഉറപ്പാക്കണം.
അക്രമസ്വഭാവമുള്ള നായ്ക്കളില്‍നിന്നു ജനങ്ങളെ രക്ഷിക്കണമെന്നതാണ് കേരളത്തിന്റെ പൊതു അഭിപ്രായം. പ്രായോഗികവും സാങ്കേതികവുമായ തടസങ്ങളുടെ പേരില്‍ പരിഹാര നടപടികള്‍ നീണ്ടുപോകരുതെന്നും സുധീരന് ആവശ്യപ്പെട്ടു. സ്വാശ്രയ കോളജ് വിഷയത്തില്‍ കുട്ടികളുടെ ഭാവിയെ കരുതിയാകണം പരിഹാരം കാണേണ്ടതെന്നു സുധീരന് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളിലേക്കോ പിടിവാശിയിലേക്കോ നീങ്ങി കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കരുത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. രക്ഷിതാക്കളും ആശങ്കയിലാണ്. ഇതൊരു തര്‍ക്കവിഷയമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധീരന് പറഞ്ഞു.