തൊടുപുഴയില്‍ ദമ്പതികളെ കെട്ടിയിട്ടു കവര്‍ച്ച: രണ്ടു പ്രതികള്‍ ഒഡീഷയില്‍ പിടിയില്‍

alp-arrestതൊടുപുഴ: ദമ്പതികളെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ ഒഡീഷയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇന്നു ഉച്ചയോടെ ഇവരെ തൊടുപുഴയിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി എന്‍.എന്‍.പ്രസാദ് പറഞ്ഞു.

കഴിഞ്ഞ 13ന് പുലര്‍ച്ചെയാണ് തൊടുപുഴ നഗരമധ്യത്തിലെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൃഷ്ണവിലാസം ബാലചന്ദ്രന്‍ ഭാര്യ ശ്രീജ എന്നിവരെ കെട്ടിയിട്ടാണ് 1.75 ലക്ഷം രൂപയും നാലര പവന്‍ സ്വര്‍ണവും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. മോഷണത്തിനു ശേഷം തൊണ്ടിമുതലുമായി മോഷണസംഘം ഓട്ടോയില്‍ മൂവാറ്റുപുഴയില്‍ എത്തുകയും തുടര്‍ന്ന് അവിടെ നിന്ന് പെരുമ്പാവൂര്‍-ആലുവ വഴി ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടതായും പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ പ്രതികളെ തിരഞ്ഞ് പോലീസ് അന്വേഷണ സംഘം ഒഡീഷയില്‍ എത്തുകയായിരുന്നു.

മോഷണം നടത്തിയവരും ഇതിനു സഹായിച്ചവരും ഒരു സംസ്ഥാനക്കാരും ഒരു ഗ്രാമക്കാരുമാണെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ പ്രതികളുമായും കൂട്ടാളികളുമായ വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ സ്വകാര്യ കമ്പനികള്‍ വിമുഖത കാട്ടിയതും അന്വേഷണ പുരോഗതിക്കു തിരിച്ചടിയായിരിന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് മൊബൈല്‍ കമ്പനികള്‍ വിവരങ്ങള്‍ കൈമാറിയപ്പോള്‍ ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു.

ഇത് കവര്‍ച്ചാ സംഘത്തിനു സുരക്ഷിതമായി സംസ്ഥാനം കടക്കാന്‍ സഹായമായി. ഒഡീഷയില്‍ പ്രതികള്‍ താമസിക്കുന്ന സ്ഥലം വ്യക്തമായി മനസിലാക്കാന്‍ സാധിച്ചെങ്കിലും ഇവിടുത്ത ഭൂരിഭാഗം പ്രദേശങ്ങളും മാവോയിസ്റ്റു കേന്ദ്രങ്ങളാണെന്നതും അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ പ്രതികളെ വലയിലാക്കുകയായിരുന്നു. ഒഡീഷയിലെ മുനിഗുഡിയെന്ന സ്ഥലത്തു നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഫോണിന്റെ സിഗ്നല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. ഒഡിഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പ്രതികളുമായി അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്.

Related posts