കളമശേരി: കൊച്ചി ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയിലെ കഴിഞ്ഞ രണ്ടു മാസമായി കേടായിരുന്ന ത്രില്ലേറിയം ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ത്രിഡി ലഘുസിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു.കോല്‍ക്കത്തയിലെ പ്രീമിയര്‍ വേള്‍ഡ് ടെക്നോളജിയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ഉന്നത സാങ്കേതിക വിദഗ്ധര്‍ കളമശേരിയില്‍ എത്തിയാണ് ത്രില്ലേറിയത്തിലെ കേടുപാടുകള്‍ തീര്‍ത്തത്. ത്രില്ലേറിയം പ്രവര്‍ത്തന സജ്ജമാക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് ആദ്യം കരുതിയത്. മെയ് 1 മുതല്‍ പ്രദര്‍ശനം ആരംഭിക്കാനാകുമെന്നാണ് ആദ്യം സംഘാടകര്‍ അറിയിച്ചത്. എന്നാല്‍ അറ്റകുറ്റപണികള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തീര്‍ന്നതോടെയാണ് ഇന്നലെ മുതല്‍ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്.
ചലിക്കുന്ന ഇരിപ്പിടത്തില്‍ ഇരുന്ന് ത്രിമാന ചലച്ചിത്രങ്ങള്‍ ആസ്വദിക്കാമെന്നതാണ് ത്രില്ലറിയത്തിന്െറ പ്രത്യേകത. വൈകിട്ട് 4 മണി മുതലാണ് പ്രദര്‍ശനം.കുട്ടികള്‍ക്ക് പ്രത്യേനിരക്കാണെന്ന് കളമശേരി നഗരസഭ സെക്രട്ടറി എസ്. നാരായണന് അറിയിച്ചു.
വേനല്‍ അവധിക്കാലം നോക്കി ത്രില്ലേറിയം കേടായത് കുട്ടികളടക്കമുള്ള സന്ദര്‍ശകരെ നിരാശപ്പെടുത്തിയിരുന്നു. കേടായത് നന്നാക്കാന്‍ സാങ്കേതികവിദഗ്ദ്ധര്‍ എത്തിയത് രണ്ട് മാസം കഴിഞ്ഞാണ്. കേരള സംസ്ഥാന ശാസ്ത്ര–സാങ്കേതിക വകുപ്പുമായാണ് കളമശേരി നഗരസഭയ്ക്ക് കരാറെന്നും കൊല്‍ക്കത്തയിലെ ഏജന്‍സിയായ പ്രീമിയര്‍ വേള്‍ഡ് ടെക്നോളജിയെ കളമശേരിയില്‍ കൊണ്ടുവരേണ്ട ചുമതല അവര്ക്കാണെന്നുമായിരുന്നു നഗരസഭയുടെ നിലപാട്.