കൊച്ചി: അറബിക്കടലില് കേരള തീരത്തിന് സമീപം തീപിടിച്ച വാന് ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്ഡര് (വിഡിആര്) പരിശോധന പൂര്ത്തിയായതായി സൂചന.
ഇതില്നിന്ന് നിര്ണായക വിവരങ്ങള് ഡയറക്ടറേറ്റ് ജനറല് ഓഫ് ഷിപ്പിംഗിന് ലഭിച്ചതായാണ് വിവരം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം എന്നീ സുപ്രധാന വിവരങ്ങള് വിഡിആറില് ഉണ്ടാകും.
ജൂണ് ഒമ്പതിനായിരുന്നു കണ്ണൂര് അഴിക്കല് തീരത്തുനിന്ന് 44 നോട്ടിക്കല് മൈല് അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്ഡറിലെ വിവരങ്ങള് സാങ്കേതിക പ്രതിസന്ധികള് മൂലം ആദ്യം വീണ്ടെടുക്കാന് കഴിഞ്ഞിരുന്നില്ല.
അതേസമയം വാന്ഹായി കപ്പലില്നിന്ന് പുകയണയ്ക്കാന് ദൗത്യ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന് തീരത്തുനിന്ന് 129 നോട്ടിക്കല് മൈൽ അകലെയാണ് കപ്പല് ഇപ്പോഴുള്ളത്. കപ്പലിനെ തണുപ്പിക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്.