സനീഷ് സത്യന്‍
മുണ്ടക്കയം: വിനോദ സഞ്ചാരികളെ വിസ്മയിപ്പിച്ചു ചലിക്കുന്ന കൊട്ടാരം മുണ്ടക്കയത്ത് എത്തി. ഒരു റിസോര്‍ട്ടില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് ഈ ചലിക്കുന്ന കൊട്ടാരം. അന്തിയുറങ്ങാന്‍ ത്രീസ്റ്റാര്‍ സൗകര്യങ്ങളാണ് പ്രത്യേകം തയാറാക്കിയ ഈ വാഹനത്തിലുള്ളത്. രണ്ട് ബെഡ് റൂമുകളിലായി 10 പേര്‍ക്കു താമസിക്കാം. രാജകീയ പ്രൗഢി ഉണര്‍ത്തുന്ന കിടക്കകള്‍, എസി, എല്‍ഇഡി ടി.വി, റെഫ്രിജറേറ്റര്‍, ഓഡിയോ സിസ്റ്റം, നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ടോയ്‌ലറ്റ്, പ്രത്യേകം പ്യൂരിഫൈ ചെയ്ത വെള്ളം, ജനറേറ്റര്‍, ഇന്‍വേര്‍ട്ടര്‍, മനംകവരുന്ന റൂഫിംഗ് വര്‍ക്ക്… അങ്ങനെ ഏതൊരു സഞ്ചാരിയും ഒരു നിമിഷം മതിമറന്നു നിന്നുപോകും.
അതിഥി വിദേശിയായാലും സ്വദേശിയായാലും ഇഷ്ടപ്രകാരമുള്ള വിഭവങ്ങളും റെഡി. അതിഥികളുടെ കണ്‍മുന്നില്‍ തന്നെ പാകം ചെയ്യാന്‍ പ്രത്യേക പാചകസംഘവും വാഹനത്തോടൊപ്പമുണ്ട്. പത്തനംതിട്ട കേന്ദ്രമായ ഒരു കമ്പനിയാണ് സഞ്ചാരികള്‍ക്കായി ചലിക്കുന്ന റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ അന്തിയുറങ്ങണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടതുണ്ട്.
അങ്ങനെയുള്ള സ്ഥലങ്ങളില്‍ സഞ്ചാരികള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാരം മാത്രമല്ല, കല്യാണമുള്‍പ്പെടെയുള്ള വീട്ടിലെ പ്രധാന ചടങ്ങുകള്‍ക്കു വീടിനോടു ചേര്‍ന്ന് അതിഥികളെ സത്കരിക്കാനും ഇവര്‍ റെഡി. നവദമ്പതികള്‍ക്കു ഹണിമൂണിനായി പ്രത്യേക പാക്കേജും ലഭ്യമാണ്. അഞ്ച് ബെഡുകള്‍ക്ക് പ്രതിദിനം 5,000 രൂപയാണ് ഈടാക്കുന്നത്.