തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രന്റെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ചികിത്സ തുടരുന്നു.
തലവേദനയും ചുമയും മറ്റും ഉണ്ടായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നവംബര്‍ 7-ന് ഇദ്ദേഹത്തിന് കോവിഡ്ബാധ ഉണ്ടായിരുന്നു.
ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് ഇഡി ഇദ്ദേഹത്തെ മൂന്നുതവണ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരാകാനായിരുന്നില്ല.
ഏറ്റവും ഒടുവിലാണ് ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് ന്യൂറോ പരിശോധനയും എംആര്‍ ഐ സ്കാനും എടുത്തിരുന്നു.
കോവിഡാനന്തര അസ്വസ്ഥതകള്‍ ഇദ്ദേഹത്തിന് ഉണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയതായും വിശ്രമം ആവശ്യമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് വ്യക്തമാക്കി.
അതേസമയം ഇദ്ദേഹത്തെ എന്നു ഡിസ്ചാര്‍ജ്ജ് ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതിനിടെ രവീന്ദ്രന്റെ ആരോഗ്യനില സംബന്ധിച്ച വ്യക്തതയ്ക്ക് ഇന്നലെ മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗ തീരുമാനപ്രകാരമാണ് രവീന്ദ്രന്റെ ചികിത്സ ആശുപത്രിയില്‍ തുടരാന്‍ തീരുമാനമായതെന്നു സൂപ്രണ്ട് അറിയിച്ചു.
ഇനി ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ മെഡിക്കല്‍ബോര്‍ഡ് യോഗം ചേരുകയുള്ളൂ.
നിലവില്‍ കഴുത്തിനു പ്രശ്നമുള്ളതിനാല്‍ രവീന്ദ്രന് പ്രത്യേക പരിചരണത്തിലാണ്. കോവിഡാനന്തര അസ്വസ്ഥതകള്‍ ഇദ്ദേഹത്തിന് ഉള്ളതിനാല്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടതായി വരും.
അടുത്ത മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമായിരിക്കും ഡിസ്ചാര്‍ജ്ജ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.