ദമ്പതികള്‍ക്കു നേരേ തെരുവുനായയുടെ ആക്രമണം; ഭര്‍ത്താവിന് കടിയേറ്റു; ചെങ്ങന്നൂരില്‍ ഡ്യൂ്ട്ടിക്കെത്തിയ പോലീസുകാരനു നായയുടെ കടിയേറ്റു

alp-pattiമങ്കൊമ്പ്: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ദമ്പതിമാര്‍ക്കു നേരെ തെരുവുനായയുടെ ആക്രമണം. ഭര്‍ത്താവിനു നായയുടെ കടിയേറ്റു.  നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കില്‍നിന്നും തെറിച്ചുവീണ ഭാര്യയ്ക്കു പരിക്കേറ്റു.  വെളിയനാട് ഗ്രാമപഞ്ചായത്ത് കിടങ്ങറ കിടങ്ങില്‍ വീട്ടില്‍ ചാച്ചപ്പ(52)നാണ് തെരുവുനായയുടെ കടിയേറ്റത്.

ഇന്നലെ രാവിലെ ഒമ്പതിനു കിടങ്ങറ പാലാത്തറ ജംഗ്ഷനു സമീപത്തായിരുന്നു സംഭവം ചാച്ചപ്പനും ഭാര്യ റോസമ്മയും ചങ്ങനാശേരിയില്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കിടങ്ങറ പാലത്തിനു സമീപമെത്തിയപ്പോള്‍ നായ ബൈക്കിനു പിന്നാലെ  ഓടിവരികയായിരുന്നു. വാഹനത്തിനു സമീപമെത്തിയപ്പോള്‍ കുരച്ചുകൊണ്ട് വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു.

നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ബൈക്കിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ നായ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബൈക്കില്‍നിന്നും താഴെവീണ ശേഷവും പട്ടി തന്നെ ആക്രമിച്ചതായി ചാച്ചപ്പന്‍ പറഞ്ഞു. ചാച്ചപ്പന്റെ കാലില്‍ അഞ്ചു കടികളേറ്റിറ്റുണ്ട്. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ ഭാര്യ റോസമ്മ (50)യ്ക്കു തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പോലീസുകാരനു നായയുടെ കടിയേറ്റു
ചെങ്ങന്നൂര്‍: ഡ്യൂട്ടിക്കെത്തിയ പോലീസുകാരനു തെരുവുനായ്ക്കളുടെ കടിയേറ്റു. ചെങ്ങന്നൂര്‍ പോലീസിന്റെ സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഡ്രൈവര്‍ ഇബ്രാഹിംകുഞ്ഞി(53)നാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പണിമുടക്കിന്റെ ഭാഗമായി വിവിധസ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് എത്തേണ്ട പോലീസുകാരെ കൊണ്ടുപോകുന്നതിനു സ്റ്റേഷന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കാന്‍ ഡോര്‍ തുറക്കുന്നതിനിടയില്‍ വാഹനത്തിന്റെ അടിയില്‍ കിടന്നിരുന്ന നായ്ക്കൂട്ടം ഇബ്രാഹിം കുഞ്ഞിനെ അക്രമിക്കുകയായിരുന്നു.

ബഹളം വച്ചതിനെ തുടര്‍ന്ന് നായ്ക്കൂട്ടം ഓടിപ്പോയി. തുടര്‍ന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തശേഷം ആശുപത്രി വിട്ടു. ആറുമാസം മുമ്പു ചെങ്ങന്നൂര്‍ ട്രാഫിക്ക് എസ്‌ഐ കെ.പി. ജോസഫിനെ സ്റ്റേഷനില്‍ കയറി തെരുവുനായ കടിച്ചിരുന്നു.

Related posts