തലശേരി: കുട്ടിമാക്കൂലില്‍ ജാമ്യം നിഷേധിച്ചു ജയിലിലടച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത് സഹോദരിമാരെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപമാനിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുത്തേക്കും. ഇന്നലെ രാത്രിയില്‍ തലശേരിയിലെത്തിയ എഡിജിപി സുധേഷ് കുമാര്‍ അഞ്ജനയുടെ പിതാവ് രാജന്‍, സഹോദരി അഖില എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.
ചാനല്‍ചര്‍ച്ചയ്ക്കിടയില്‍ മകളെ അപമാനിച്ച അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് രാജന്‍ എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. അഞ്ജനയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്ന് എഡിജിപി രാജനോട് പറയുകയും ചെയ്തു.തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലശേരി ഡിവൈഎസ്പി ഓഫീസില്‍ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കണ്ണൂര്‍ ഐജി ദിനേന്ദ്രകശ്യപ്, എസ്പി സഞ്ജയ്കുമാര്‍ ഗുരുദ്ദിന്‍, ഡിവൈഎസ്പി സാജുപോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആത്മഹത്യയ്ക്കു ശ്രമിച്ച ദളിത് യുവതിയുടെ മൊഴി ഇന്നു പോലീസ് രേഖപ്പെടുത്തും. കുട്ടിമാക്കൂലില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിമാക്കൂലില്‍ നടമ്മല്‍ അഞ്ജനയുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജനയില്‍നിന്നു ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അനുമതിയോടെ മൊഴി രേഖപ്പെടുത്തുമെന്ന് ടൗണ്‍ സിഐ പി.എം. മനോജ് രാഷ്ട്രദീപികയോടു പറഞ്ഞു. ഇതിനായി രേഖാമൂലം അനുമതി തേടികൊണ്ടുള്ള കത്ത് ഡോക്ടര്‍മാര്‍ക്കു നല്‍കും.
മൊഴിയെടുത്ത ശേഷം അവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയില്‍ നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ തലശേരി എംഎല്‍എ എ.എന്‍. ഷംസീറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പി.പി. ദിവ്യയുമാണു യുവതികളെ മോശക്കാരായി ചിത്രീകരിച്ചത്. യുവതികളെ അവഹേളിച്ചു സിപിഎം അനുഭാവികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകളിടുകയും ചെയ്തു. ഈ അവഹേളനത്തില്‍ മനംനൊന്താണ് അഞ്ജനയെന്ന യുവതി ശനിയാഴ്ച രാത്രി 12ഓടെ അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഡിവൈഎഫ്‌ഐ വനിതാ നേതാവ് ചാനലിലൂടെ നടത്തിയ അവഹേളനത്തില്‍ മനംനൊന്താണു സഹോദരി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് അഞ്ജനയുടെ സഹോദരിമാരും പിതാവും ആരോപിച്ചിട്ടുണ്ട്. പോലീസും ഇതു സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്യാനാണെങ്കില്‍ പാരസെറ്റാമോള്‍ ഗുളികയാണോ കഴിക്കേണ്ടതെന്ന് ആക്ഷേപിച്ചു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ പ്രസ്താവനയും വിവാദമായിട്ടുണ്ട്.
കുട്ടിമാക്കൂല്‍ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡിലായ സാഹചര്യത്തില്‍ ക്രമസമാധാന നിലകൂടി പരിഗണിച്ചാണ് ദളിത് യുവതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എഡിജിപിയോടു വിശദീകരിച്ചു. പോലീസ് നടപടിയില്‍ അപാകതയില്ലെന്ന് നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ആത്മഹത്യ ശ്രമം ഉള്‍പ്പെടെയുള്ള പുതിയ സംഭവ വികാസങ്ങള്‍ ഗൗരവത്തോടെ കാണാനും നിയമത്തിന്റെ പരിധിയില്‍നിന്നു ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനും എഡിജിപി നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത് സഹോദരിമാരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും സിപിഎം നേതാക്കളുടെ പരസ്യ അവഹേളനത്തില്‍ മനംനൊന്ത് യുവതികളിലൊരാള്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു. യുവതികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തലശേരിയില്‍ എത്തുന്നുണ്ട്. യുവതികളുടെ പിതാവ് രാജനെ ടെലിഫോണില്‍ വിളിച്ചാണ് താന്‍ എത്തുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചത്.
വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനൊപ്പം പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വവും ഉണ്ടാകുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. ആശുപത്രിയില്‍ കഴിയുന്ന അഞ്ജനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും രാഹുല്‍ഗാന്ധി ചോദിച്ചറിഞ്ഞു. വിഷയത്തില്‍ വരുംദിവസങ്ങളില്‍ വലിയ പ്രക്ഷോഭപരമ്പര നടത്താനാണു കോണ്‍ഗ്രസിന്റെ തീരുമാനം. വിഷയത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് ഇന്നു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായേക്കുമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ വിഷയത്തില്‍ വിശദീകരണം ചോദിച്ചുകഴിഞ്ഞു.
ഐഎന്‍ടിയുസി നേതാവ് കുട്ടിമാക്കൂലിലെ കുനിയില്‍ വീട്ടില്‍ നടമ്മല്‍ രാജന്റെ മക്കളായ അഖിലയും അഞ്ജനയും ഡിവൈഎഫ്‌ഐ നേതാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. അന്നുതന്നെ കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ഇ.രഞ്ജിത്ത് ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഇതേ മജിസ്‌ട്രേറ്റ് യുവതികള്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
അപമാനിച്ചിട്ടില്ല: പി.പി. ദിവ്യ
തലശേരി: കുട്ടിമാക്കൂല്‍ സംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ചര്‍ച്ചയില്‍ ദളിത് പെണ്‍കുട്ടികളെ അപമാനിച്ചിട്ടില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ച് കേസുവന്നാല്‍ നേരിടുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ രാഷ്ട്രദീപികയോടു പറഞ്ഞു. ആസൂത്രിതമായ നീക്കമാണ് ഇതിനുപിന്നില്‍. പാവപ്പെട്ട സ്ത്രീകളെ ഉപയോഗിച്ച് ബിജെപിയും കോണ്‍ഗ്രസും ഇടതുപക്ഷത്തെ നേരിടുകയാണ്. ഇതിന്റെ ഇരകളാണ് അഞ്ജനയും അഖിലയും. കോണ്‍ഗ്രസ് നേതാവായ പിതാവ് ഈ രണ്ടുമക്കളെയുമാണ് സിപിഎം പ്രവര്‍ത്തകരെ നേരിടാന്‍ അയക്കുന്നത്. ഇത് ആസൂത്രിതമാണ്. ദളിതരായ യുവതികള്‍ ഇതിന്റെ ബലിയാടുകളാണ്.
തലശേരി കൊടുവള്ളിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ചത് മഹിളാ മോര്‍ച്ചാനേതാവുള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരായ വനിതകളാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിലാണ് സിപിഎം ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവിനെ കോണ്‍ഗ്രസ് നേതാവിന്റെ മക്കള്‍ മര്‍ദിച്ചതെന്നും പി.പി. ദിവ്യ പറഞ്ഞു
അപമാനിക്കുന്ന സംസ്കാരം എനിക്കില്ല: എ.എന്‍. ഷംസീര്‍
തലശേരി: ദളിത് സമൂഹത്തെ ബഹുമാനിക്കുന്ന പാരമ്പര്യമാണ് തനിക്കുള്ളതെന്നും ദളിതരെയെന്നല്ല ആരെയും അപമാനിക്കുന്ന സംസ്കാരം തനിക്കില്ലെന്നും എ.എന്‍. ഷംസീര്‍ എംഎല്‍എ പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്. ആദ്യം ഒരാളുടെ പേരാണ് പറഞ്ഞത്. ഇപ്പോള്‍ ഇടതുപക്ഷ നേതാക്കളുടെ എണ്ണം കൂടിവരികയാണെന്നും ഷംസീര്‍ പറഞ്ഞു.