ചെന്നൈയില്‍ വീടിനുള്ളില്‍ സീരിയല്‍ താരം സബര്‍ണ ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്നു. സബര്‍ണയുടെ ഡയറി മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി ഡയറിയിലെ കുറിപ്പില്‍ പറയുന്നതായി സൂചന.
ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിനാല്‍ നിരാശയിലായിരുന്നു. സബര്‍ണയുടെ ഇടതു കൈത്തണ്ടയിലെ മുറിവ് എങ്ങനെ ഉണ്ടായെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതക സാധ്യതയുള്‍പ്പെടെ പൊലീസ് പരിശോധിക്കും.
ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പോലീസ് എത്തി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്.