തിരുവനന്തപുരം : രാജ്യത്തു ദേശീയതയെന്ന പേരില്‍ ഹിറ്റ്ലറുടെ ഫാസിസമാണ് ആര്‍എസ്എസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭാരത് മാതാ കീ ജയ് പോലുള്ള മുദ്രാവാക്യങ്ങള്‍ ആര്‍എസ്എസിന്റെ കപട ദേശീയവാദത്തിന്റെ ഭാഗമാണ്.
രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം ആര്‍എസ്എസ് പറയുന്ന മുദ്രാവാക്യം വിളിക്കണമെന്നാണു പറയുന്നത്. ഇതാണു ഫാസിസം. ഇത് അംഗീകരിക്കാന്‍ മതേതര വാദികള്‍ക്കു സാധിക്കില്ല. ഹിന്ദുത്വ രാഷ്ട്രമെന്നതു ആര്‍എസ്എസിന്റെ സ്വപ്നമാണ്. ഇതു നടപ്പിലാക്കാനാണു രാജ്യത്തെ സര്‍ക്കാരും ശ്രമിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു എന്‍.രാമചന്ദ്രന് ഫൗണ്ടേഷന് അവാര്‍ഡ് ഗവര്‍ണര്‍ പി.സദാശിവത്തില്‍ നിന്നും സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു സീതാറാം യെച്ചൂരി. ഹിന്ദുത്വത്തെ ഹൈന്ദവവത്കരിക്കാനുള്ള ശ്രമമാണു ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഇതില്‍ അറിഞ്ഞോ അറിയാതേയോ മാധ്യമങ്ങളും പെട്ടുപോകുന്നുണ്ടോയെന്നു സംശയമുണ്ട്. ഇതു മാധ്യമ ലോകം ഗൗരവമായി പരിശോധിക്കേണ്ട സാഹചര്യമാണു വന്നുചേര്‍ന്നിരിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ആര്.പി ഭാസ്കര്‍ എന്നിവരും പങ്കെടുത്തു.