പാലക്കാട്: ഒരു മാസത്തോളമായി നിലച്ചിരുന്ന നഗരത്തിലെ മാലിന്യനീക്കം പുനരാരംഭിച്ചെങ്കിലും മാലിന്യങ്ങള്‍ നീക്കിയത് പാലക്കാട് നഗരസഭാ കെട്ടിടത്തിനു സമീപത്തേക്ക്. നഗരസഭാ പ്രധാന കെട്ടിടത്തിന്റെ പിറക് വശത്ത് ക്ലീനിംഗ് സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപമായാണ് ദിവസങ്ങളോളം പഴക്കമുള്ള മാലിന്യം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ കൂട്ടിയിട്ടത്. മാലിന്യത്തിന്റെ രൂക്ഷമായ ദുര്‍ഗന്ധംമൂലം പ്രദേശത്തെ ആളുകള്‍ ദുരിതത്തിലാണ്. പ്ലാസ്റ്റിക്, ഖരപദാര്‍ഥങ്ങള്‍ എന്നിവ വേര്‍തിരിക്കാത്ത രീതിയിലുള്ള ദിവസങ്ങളും മാസങ്ങളും പഴക്കമുള്ള മാലിന്യമാണ് നഗരസഭയുടെ പ്രധാന കെട്ടിടത്തിന് സമീപം തള്ളിയ നിലയില്‍ കണ്ടെത്തിയത്.
മാലിന്യങ്ങള്‍ കൊത്തി വലിക്കാന്‍ കാക്കകളും തെരുവുനായ്ക്കളും എത്തിയതോടെ ഇതുവഴി നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയായി. പാലക്കാട് നഗരസഭാ വളപ്പില്‍ മാലിന്യം തള്ളിയത് മാധ്യമപ്രവര്‍ത്തകരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്തെ ആളുകളുടെ പ്രതിഷേധത്തിന് ശക്തമായതോടെ മാലിന്യം കൂട്ടമായിട്ട് കത്തിക്കുകയായിരുന്നു ശുചീകരണ തൊഴിലാളികള്‍.വ്യാപാരികളുടെ കടയടപ്പ് സമരം മൂലം നഗരത്തില്‍ ആരുടേയും ശ്രദ്ധയുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് അധികൃതര്‍ മാലിന്യം പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തിട്ട് കത്തിക്കാന്‍ നിര്‍ദേശിച്ചത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കാട് പ്രസ് ക്ലബിന് പിറകിലായി ദിവസങ്ങളോളം പഴക്കമുള്ള മാലിന്യം കൂട്ടമായിട്ട് കത്തിക്കുകയായിരുന്നു. മാലിന്യത്തിന്റെ രൂക്ഷമായ ദുര്‍ഗന്ധം മൂലം ദുരിതത്തിലായ പരിസരവാസികള്‍ക്കും പ്രസ് ക്ലബിലുള്ളവര്ക്കും ഇതുമൂലം ദുരിതം ഇരട്ടിയായിപാലക്കാട് നഗരസഭാ ബജറ്റവതരണത്തിനിടെ യുഡിഎഫിന്റെ നേതൃത്വത്തില്‍ നഗരത്തിലെ മാലിന്യനീക്കം നിലച്ചതിനെച്ചൊല്ലി പ്രതിഷേധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവുമായി നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശീധരന് ചര്‍ച്ചനടത്തുകയും മാലിന്യനീക്കം തൊട്ടടുത്ത ദിവസം പുനരാരംഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
കൊടുമ്പിന് സമീപമുള്ള പാലക്കാട് നഗരസഭാ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുമെന്നാണ് ചെയര്‍പേഴ്സണ്‍ അന്നു ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ തൊട്ടടുത്ത ദിവസം മുതലാണ് പാലക്കാട് നഗരസഭയുടെ പ്രധാന കെട്ടിടത്തിന് സമീപം ദിവസങ്ങളോളം പഴക്കമുള്ള മാലിന്യം പ്രത്യക്ഷപ്പെട്ടത്. അതേസമയം പാലക്കാട് നഗരത്തിലെ പ്രധാന റോഡുകളിലെ അഴുക്കുചാലുകള്‍ തുറന്ന് മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ രൂക്ഷമായ കൊതുകു ശല്യമാണ് അനുഭവപ്പെടുന്നുണ്ട്.നഗരസഭാപരിധിയിലെ മാലിന്യനീക്കം സുഗമമാക്കി നഗരത്തിലെ ജനങ്ങളുടെ ജീവിതം കൊതുകു രഹിതമാക്കണമെന്നാണ് ജനകീയാവശ്യം ശക്തമാണ്.