മുംബൈ: ജീവനൊടുക്കിയ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി(24) ഗര്‍ഭിണിയായിരുന്നുവെന്ന് ആന്തരിക കോശങ്ങള്‍ പരിശോധിച്ച ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ബാലികാവധു എന്ന സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ, ഏപ്രില്‍ ഒന്നിനാണു മുംബൈ കാന്‍ഡിവാലിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണെ്ടത്തിയത്. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ടു സീരിയലിന്റെ നിര്‍മാതാവും നടനുമായ രാഹുല്‍ രാജ് സിംഗിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ശ്വാസംമുട്ടി മരിച്ചെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകമാണോയെന്ന് അറിയാനാവൂ എന്ന് പോലീസ് പറഞ്ഞു. അടുത്തമാസമാദ്യം റിപ്പോര്‍ട്ട് ലഭിക്കും. പ്രത്യുഷയുടെ അമ്മയുടെ പരാതിയില്‍ രാഹുല്‍ രാജിനെതിരേ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ചത്തേക്കു വിലക്കിക്കൊണ്ടു ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഫ്‌ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന രാഹുല്‍, പ്രത്യുഷയില്‍നിന്ന് ഇടയ്ക്കിടെ പണം വാങ്ങിയിരുന്നതായി തെളിഞ്ഞിരുന്നു. പ്രത്യുഷയുടെ അക്കൗണ്ടില്‍നിന്നു രാഹുല്‍ പണം പിന്‍വലിച്ചതിന്റെ രേഖകള്‍ സഹിതമാണു കോടതിയില്‍ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.