നഷ്ടപ്പെട്ട സീറ്റുകള്‍ പിടിച്ചെടുക്കാന്‍ തന്ത്രം മെനഞ്ഞ് എല്‍ഡിഎഫ്

knr-LDFകണ്ണൂര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനു നഷ്ടപ്പെട്ട കണ്ണൂരിലെ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് തന്ത്രങ്ങള്‍ മെനയുന്നു. വിജയം പ്രതീക്ഷിച്ച നാലു മണ്ഡലങ്ങളാണു ചുരുങ്ങിയ വോട്ടുകള്‍ക്ക് ഇടതുമുന്നണിക്ക് 2011ല്‍ നഷ്ടപ്പെട്ടത്. അതില്‍ അഴീക്കോട്ടെ സിറ്റിംഗ് സീറ്റ് നഷ്ടമായത് 493 വോട്ടുകള്‍ക്കായിരുന്നു. കൂത്തുപറമ്പില്‍ 3303 വോട്ടിനും പേരാവൂരില്‍ 3440 വോട്ടിനും കണ്ണൂരില്‍ 6443 വോട്ടിനുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തോറ്റത്.

ജില്ലയില്‍ യുഡിഎഫിനു ലഭിച്ച അഞ്ചു സീറ്റുകളില്‍ ഇരിക്കൂറില്‍ മാത്രമാണ് പതിനായിരത്തിനുമേല്‍ ഭൂരിപക്ഷം യൂഡിഎഫിനുണ്ടായിരുന്നത്. ഇവിടെ വിജയിച്ച കെ.സി. ജോസഫിന് 11,757 വോട്ടായിരുന്നു ഭൂരിപക്ഷം. ഇടതുകോട്ടയായ കണ്ണൂരിലെ 11 സീറ്റുകളില്‍ അഞ്ചും നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ചെറിയ വ്യത്യാസത്തിനു നഷ്ടപ്പെട്ട നാലു മണ്ഡലങ്ങളില്‍ മൂന്നെണ്ണമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫിന് കഴിഞ്ഞതവണ സംസ്ഥാന ഭരണംതന്നെ ലഭിക്കുമായിരുന്നു. 140 സീറ്റുകളില്‍ യുഡിഎഫിന് 72ഉം എല്‍ഡിഎഫിന് 68ഉം ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില.

നഷ്ടപ്പെട്ട സീറ്റുകളില്‍ അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂര്‍ എന്നിവയില്‍ എല്‍ഡിഎഫിന് ഇത്തവണ വിജയപ്രതീക്ഷയുണ്ട്. മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തി ശക്തമായ മത്സരമുണ്ടാക്കിയാല്‍ പേരാവൂരും പിടിച്ചെടുക്കാമെന്ന് ഇടതുമുന്നണി കരുതുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ.എം. ഷാജിയോട് സിപിഎമ്മിലെ എം. പ്രകാശനാണ് 493 വോട്ടിന് അഴീക്കോട് തോറ്റത്. യുവനേതാക്കളിലാരെയെങ്കിലും മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ തൊട്ടടുത്ത കല്യാശേരി മണ്ഡലത്തിലെ എംഎല്‍എയായ ടി.വി. രാജേഷിനായിരിക്കും പ്രഥമ പരിഗണന. ജയിംസ് മാത്യു എംഎല്‍എയുടെ ഭാര്യ സുകന്യയുടെ പേരും അഴീക്കോട് പരിഗണനയിലുണെ്ടന്നറിയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെയും എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്നു കൂത്തുപറമ്പ്. ജനതാദള്‍-യു നേതാവും മന്ത്രിയുമായ കെ.പി. മോഹനന്‍ വീണ്ടും കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. ഐഎന്‍എല്‍ നേതാവ് എസ്.എ. പുതിയവളപ്പിലായിരുന്നു കഴിഞ്ഞ തവണ മോഹനനെ നേരിട്ടത്. ഐഎന്‍എലില്‍നിന്നു സീറ്റുവാങ്ങി സിപിഎം മത്സരിച്ചാല്‍ കേവലം 3303 വോട്ടിന് നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാനാകുമെന്ന് ഇടതുപക്ഷം കരുതുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ച് ചെറിയ വോട്ടുകള്‍ക്കു പരാജയപ്പെട്ട എ.എന്‍. ഷംസീറിന്റെ പേര് ഇത്തവണ ആദ്യംമുതല്‍ക്കേ കൂത്തുപറമ്പില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എം. സുരേന്ദ്രന്റേതാണ് മറ്റൊരു പേര്. പേരാവൂരില്‍ കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനാണ് തോറ്റതെങ്കിലും ഇത്തവണ വലിയ പ്രതീക്ഷയൊന്നും ഇടത് കേന്ദ്രങ്ങള്‍ക്കില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സിറ്റിംഗ് എംഎല്‍എയായ കോണ്‍ഗ്രസിലെ സണ്ണി ജോസഫ് വീണ്ടും മത്സരിക്കുമ്പോള്‍ പ്രതീക്ഷ കുറയുന്നു.

ഘടകകക്ഷികള്‍ക്ക് പേരാവൂര്‍ സീറ്റ് നല്‍കാനോ സ്വതന്ത്രരെ മത്സരിപ്പിക്കാനോ ആയിരിക്കും എല്‍ഡിഎഫ് ശ്രമിക്കുകയെന്നാണു സൂചന. അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ കൊട്ടിയൂരിലെ കെ.ജെ. ജോസഫിന്റെ പേര് അവരുടെ പരിഗണനയിലുണ്ട്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രതിപക്ഷനേതാവായ ജോസഫിന്റെ സാന്നിധ്യം ഇടത് പരിപാടികളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറിവിജയം നേടിയ എല്‍ഡിഎഫ് കണ്ണൂര്‍ നിയമസഭാ സീറ്റില്‍ വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയോട് കോണ്‍ഗ്രസ്-എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ് കഴിഞ്ഞ തവണ തോറ്റത്. അബ്ദുള്ളക്കുട്ടിക്ക് വീണ്ടും സീറ്റ് കൊടുത്തേക്കില്ലെന്നും കെ. സുധാകരന്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. എല്‍ഡിഎഫില്‍ കടന്നപ്പള്ളിക്ക് മറ്റൊരു ഉറച്ച സീറ്റ് നല്‍കി സിപിഎം കണ്ണൂര്‍ ഏറ്റെടുക്കണമെന്നും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരളയെ മത്സരിപ്പിക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

കടന്നപ്പള്ളിയെ കണ്ണൂരില്‍നിന്നു മാറ്റിയാല്‍ ധര്‍മടം മണ്ഡലമോ ഉറപ്പുള്ള മറ്റൊരു മണ്ഡലമോ നല്‍കുമെന്നാണു സൂചന. ധര്‍മടത്തെ സിറ്റിംഗ് എംഎല്‍എ കെ.കെ. നാരായണന്‍ ഇക്കുറി മത്സരിക്കില്ല. എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്ന പിണറായി വിജയന്‍ പയ്യന്നൂരിലോ തലശേരിയിലോ ആകും ജനവിധി തേടുക. പയ്യന്നൂരില്‍ പിണറായിക്കു പുറമെ ടി.ഐ. മധുസൂദനന്റെ പേരും തലശേരിയില്‍ എം. സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. ടി.വി. രാജേഷ് അഴീക്കോട്ടേക്കു മാറിയാല്‍ ജയിംസ് മാത്യു കല്യാശേരിയിലും മയ്യില്‍ ഏരിയാസെക്രട്ടറി ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പിലും മത്സരിച്ചേക്കും. ഇ.പി. ജയരാജന്‍ തന്നെയായിരിക്കും മട്ടന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി. ഇരിക്കൂര്‍ സീറ്റ് സിപിഐക്കുതന്നെ നല്‍കാനാണു സാധ്യത.

Related posts