പൂച്ചാക്കല്‍: തെരുവുനായയെ പേടിച്ചു സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ മുന്നറിയിപ്പ് പോസ്റ്റര്‍. കടിക്കുന്ന പട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതിയ ബോര്‍ഡാണ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിനു സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ക്ഷീരവികസനം, ഐസിഡിഎസ് പ്രോജക്ട് എന്നീ ഓഫീസുകളുടെ മുമ്പില്‍ പതിച്ചിരിക്കുന്നത്. ഓഫീസിന്റെ പരിസരത്ത് കറുപ്പു നിറത്തിലുള്ള അക്രമകാരിയായ തെരുവുനായയെ ഭയന്നാണ് അധികൃതര്‍ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം ക്ഷീര വികസനഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനെത്തിയ പാണാവള്ളി മറ്റത്തില്‍ വേണുഗോപാല്‍ എന്നയാളെ നായ ആക്രമിക്കുകയും പരിക്കുകളോടെ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ജോലിക്കെത്തുന്ന ജീവനക്കാരെ നായ അക്രമിക്കാനായി ഓടിക്കുകയും ചെയ്യുന്നത് പതിവായി. ഇതേ തുടര്‍ന്നു ജീവനക്കാര്‍ കമ്പിപ്പാരയും വടിയും കൈയില്‍ കരുതിയാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്.
ഓഫീസ് പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഓഫീസിനു മുമ്പില്‍ മുന്നറിയിപ്പ് പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ഐസിഡിഎസ് ഓഫീസില്‍ നായ പ്രസവിച്ചു കിടന്നത് നീക്കം ചെയ്യാന്‍ ജീവനക്കാര്‍ നന്നേ പാടുപെട്ടിരുന്നു. പരിസരം കാടുപിടിച്ചു കിടക്കുന്നതും സമീപത്തെ ഹോട്ടല്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതുമാണ് തെരുവ് നായ്ക്കള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.