കോട്ടയം: ജന്മാഷ്ടമിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. 830 ശോഭായാത്രകളും 312 ശോഭായാത്രസംഗമവും കോട്ടയം റവന്യൂ ജില്ലയില്‍ നടക്കും. തൈവയ്ക്കാം തണലാകാം താപമകറ്റാം എന്ന സന്ദേശമാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ ബാലഗോകുലം മുന്നോട്ടുവയ്ക്കുന്നത്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ നടക്കുന്ന ശോഭായാത്രസംഗമം വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ ജന്മാഷ്ടമി സന്ദേശം നല്‍കും. ശോഭായാത്രസംഗമത്തിനു കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോനയുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കും.
പുതുപ്പള്ളി കവല, വടവാതൂര്‍ ജംഗ്ഷന്‍, പരുത്തുംപാറ, നാട്ടകം, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രം, ആര്‍പ്പൂക്കര പനമ്പാലം കവല, പാമ്പാടി കവല, മണര്‍കാട് ദേവീക്ഷേത്രം, പള്ളിക്കത്തോട് കവല, അയര്‍ക്കുന്നം കവല, കറുകച്ചാല്‍, ചങ്ങനാശേരി, വൈക്കം, മുളക്കുളം, ഏറ്റുമാനൂര്‍, പാലാ, മുണ്ടക്കയം, പൊന്‍കുന്നം, കൊടുങ്ങൂര്‍, മുക്കൂട്ടുതറ, തമ്പലക്കാട്, എരുമേലി ശ്രീധര്‍മ്മ ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ ശോഭായാത്രസംഗമം നടക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കും.
ജില്ലാതല ആഘോഷങ്ങള്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, പ്രഫ. ഉണ്ണികൃഷ്ണന്‍, അഡ്വ. അജീഷ്, കെ.എന്‍. സജികുമാര്‍, പ്രഫ. സി.എന്‍. പുരുഷോത്തമന്‍, പി.എന്‍. സുരേന്ദ്രന്‍, വി.എസ്. മധുസൂദനന്‍, ബിജു കൊല്ലപ്പള്ളി, പി.എസ്. ഗിരീഷ് കുമാര്‍, കെ.ജി, രഞ്ജിത്ത്, അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.