കോട്ടയം: വേമ്പനാട് കായലില് കൊഞ്ചിന്റെ തൂക്കത്തിലും ലഭ്യതയിലും കഴിഞ്ഞ മൂന്നു വര്ഷങ്ങളായി കുറവു സംഭവിക്കുന്നതായി കണ്ടെത്തി.അശോക ട്രസ്റ്റ് ഫോര് റിസര്ച്ച് ഇന് ഇക്കോളജി ആന്ഡ് ദി എന്വിയോൺമെന്റ്, കമ്യൂണിറ്റി എന്വയോണ്മെന്റല് റിസോഴ്സ് സെന്റര് നേതൃത്വത്തില് സംസ്ഥാന തണ്ണീര്ത്തട അഥോറിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പതിനെ ട്ടാമത് മത്സ്യ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്.
കായല്മലിനീകരണമാണ് കൊഞ്ചിന്റെ ലഭ്യതയിലും തൂക്കത്തിലും കുറവു വരുത്തിയത്. തൂക്കം കുറയുന്നതിന്റെ കാരണമറിയാന് കൂടുതല് ഗവേഷണം വേണമെന്നാണ് ഫിഷ് കൗണ്ട് സംഘത്തിന്റെ ശിപാര്ശ. 110 വോളണ്ടിയര്മാരുടെ സഹകരണത്തോടെയായിരുന്നു സര്വേ. 58 ഇനം ചിറക് മത്സ്യങ്ങളും മൂന്ന് ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പില് രേഖപ്പെടുത്തി.
മുന് വര്ഷങ്ങളേക്കാള് മത്സ്യയിനങ്ങളുടെ എണ്ണത്തിള് കുറവുണ്ടായി. കഴിഞ്ഞ വര്ഷം 85 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. കുളവാഴയുടെ ആധിക്യം കാരണം പല സ്ഥലങ്ങളിലും ബോട്ട് അടുപ്പിക്കാന് കഴിയാതെ പോയി. കുമരകം നസ്രത്ത് പള്ളിയുടെ പരിസരങ്ങളില് എണ്ണപ്പാട മൂടിക്കിടന്നിരുന്നതിനാല് മത്സ്യം വളരെ കുറവായിരുന്നു.
ജൈവാവശിഷ്ടങ്ങള് അഴുകിയ നിലയിലും കാണപ്പെട്ടു. പാതിരാമണല് ദ്വീപില് പ്ലാസ്റ്റിക് മാലിന്യങ്ങള് കെട്ടിക്കിടക്കുന്നത് മത്സ്യ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.
പൊതുപങ്കാളിത്തത്തോടെ നടത്തുന്ന കണക്കെടുപ്പില് വിദ്യാര്ഥികളും പരിസ്ഥിതി സ്നേഹികളും മത്സ്യത്തൊഴിലാളികളും പങ്കുചേര്ന്നു. ഇന്നലെ വൈകുന്നേരം തണ്ണീര്മുക്കത്തു നടന്ന സമാപന ചടങ്ങ് ഡോ. പ്രിയദര്ശനന് ധര്മരാജന് ഉദ്ഘാടനം ചെയ്തു.