നിര്‍ത്തിവച്ച കുതിരാന്‍ തുരങ്ക പാത നിര്‍മാണം വീണ്ടും തുടങ്ങി

PKD-THURANGOMവടക്കഞ്ചേരി: ഒരാഴ്ച നിര്‍ത്തിവച്ച കുതിരാനിലെ തുരങ്കപാത നിര്‍മാണം വീണ്ടും തുടങ്ങി. പാറ തുരന്നു കുതിക്കുന്ന ബൂമര്‍ ഒഴിവാക്കി മാന്വലായാണ് ഇപ്പോള്‍ പാറ തുരക്കുന്നത്. പുഷര്‍ലഗിന്റെ സഹായത്തോടെ ജാക്ക് അമര്‍ ഉപയോഗിച്ചാണ് തുരങ്കപ്പാതയുടെ ഗുഹാമുഖം രൂപപ്പെടുത്തുന്നത്. പത്തുമീറ്റര്‍ വരെ മാന്വലായി തന്നെ പാറതുരക്കല്‍ നടത്തുമെന്ന് ടണല്‍നിര്‍മാണ കരാര്‍ എടുത്തിട്ടുള്ള പ്രഗതി എന്‍ജിനീയറിംഗ് കമ്പനി പ്രോജക്ട് മാനേജര്‍ ബി.എസ്.രാജു പറഞ്ഞു. ഇതിന് ഒരാഴ്ചയിലേറെ സമയമെടുക്കും. പിന്നീട് ബൂമര്‍ ഗുഹയ്ക്കുള്ളില്‍ കയറ്റി പാറതുരക്കല്‍ വേഗത്തിലാക്കും.

രണ്ടു മീറ്റര്‍ ആഴത്തിലുള്ള ദ്വാരങ്ങളാണ് ജാക്ക്അമര്‍ ഉപയോഗിച്ച് പാറയില്‍ ഉണ്ടാക്കുന്നത്. ഇതില്‍ മരുന്നു നിറച്ചാണ് പാറ പൊട്ടിക്കുന്നത്. ബൂമര്‍ ഉപയോഗിച്ച് പാറ തുരക്കുമ്പോള്‍ വട്ടം കൂടുതലുള്ള ദ്വാരങ്ങളാണ് ഉണ്ടാകുക. എന്നാല്‍ ഇതില്‍ മരുന്നുനിറച്ച് പൊട്ടിക്കുന്നതിനുള്ള കെമിക്കല്‍സ് സ്റ്റോക്കില്ല. നാഗ്്പുരില്‍നിന്ന് ഇ സ്‌ഫോടകമരുന്ന് വരണം.  ഇതിനു രണ്ടു മുന്നുദിവസം കൂടി കാലതാമസം വരുമെന്നും അധികൃതര്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും വില്പനയും മറ്റു സ്ഥലങ്ങളിലേക്ക് കടത്തുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിനാലാണ് കഴിഞ്ഞ ഒരാഴ്ച തുരങ്കപ്പാത നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

ബൂമര്‍ ഉപയോഗിച്ച് പാറ തുരന്ന് അത് പൊട്ടിക്കുമ്പോള്‍ കല്ല് തെറിച്ചുള്ള അപകടങ്ങള്‍ക്കും ഗുഹാപാതയ്ക്ക് ചുറ്റുമുള്ള മറ്റു പാറകളില്‍ വിള്ളലിനും കാരണമാകുമെന്ന് കണ്ടെത്തിയാണ് തുരങ്കനിര്‍മാണം പത്തുമീറ്റര്‍ പൂര്‍ത്തിയായശേഷം ബൂമര്‍ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയിട്ടുള്ളത്.തുരങ്കമിപ്പോള്‍ ഒരു മീറ്ററോളമായി. എഴുപതോളം പേരടങ്ങുന്ന സംഘമാണ് പാറതുരക്കലുമായി ബന്ധപ്പെട്ട പണികളില്‍ ഏര്‍പ്പെട്ടിട്ടിട്ടുള്ളത്. പാറ തുരക്കുമ്പോഴുണ്ടാകുന്ന പൊടിശല്യം ഒഴിവാക്കാന്‍ റാഡുകള്‍ തുരന്നുപോകുന്നതിനൊപ്പം പൈപ്പുവഴി വെള്ളവും ഒഴുക്കുന്നുണ്ട്.മഴ ശക്തിപ്പെടുംമുമ്പേ പത്തുമീറ്റര്‍ ഉള്ളിലേക്ക് തുരങ്കമായാല്‍ പിന്നെ മഴക്കാലത്തും ഗുഹയ്ക്കുള്ളില്‍നിന്നു പണികള്‍ നടത്താനാകും.

Related posts