കാട്ടാക്കട: വേനലാണ്. തിളച്ചുമറിയുന്ന അന്തരീക്ഷത്തില്‍ അല്‍പ്പം കുളിര് തേടി നീന്തി മറിയാന്‍ എത്തുന്നവരെ ഒന്നു സൂക്ഷിക്കുക. ഇവിടെ ഒളിച്ചിരിക്കുന്നത് കാണാക്കയങ്ങളും മരണക്കുഴികളും. അത് ആരും അറിയുന്നില്ലെന്ന് മാത്രം. ഡാമിലെ ഇത്തരം ഭാഗങ്ങളിലാണ് അധികം പേരും കുളിയ്ക്കാന്‍ ഇറങ്ങുന്നത്. അടുത്തിടെ പന്തയിലെ അപകടം നടന്ന കോലിയക്കോട് ഒരു ഒഴിഞ്ഞ ഭാഗമാണ്. ഡാം വിശാലമായി പരന്നു കിടക്കുന്നു. ഇവിടെ തണല്‍ മരങ്ങളും യഥേഷ്ടം. നല്ല തണുത്ത അന്തരീക്ഷം. ആളുമില്ലാത്ത ഭാഗം. അതിനാല്‍ നിരവധി പേര് കുളിയ്ക്കാനും ഇവിടെ എത്തും. ഇവിടെയാണെങ്കില്‍ കാണാക്കയങ്ങളും ചെളിയും നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കുളിയ്ക്കാന്‍ എത്തുന്നവരെ നാട്ടുകാര്‍ തന്നെ വിലക്കി വിടും. എന്നാല്‍ അല്‍പ്പം ലഹരിയോടെ എത്തുന്നവര്‍ അത് വക വയ്ക്കാറില്ല. കാപ്പുകാട്, കരിമണ്‍കുളം, നെയ്യ്പ്പാറ, കൊമ്പൈക്കാണി, കോലിയക്കോട്, അണമുഖം, കാരികുഴി, മരകുന്നം തുടങ്ങി നെയ്യാര്‍ഡാമിലെ 20 ഓളം ഭാഗങ്ങള്‍ അപകട മേഖലകളാണ്. അവിടങ്ങളില്‍ നാട്ടുകാര്‍ കുളിയ്ക്കാന്‍ എത്താറില്ല. ഇവിടെ എത്തുന്നത് അധികവും സഞ്ചാരികളാണ്. അതിനാല്‍ തന്നെ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നു. സംഭരണയില്‍ ജലനിരപ്പ് കുറഞ്ഞതോടെ ചെളിയാണ് അധികവും. അതിനാല്‍ ചെളിയില്‍ കാല് പുതഞ്ഞ് അപകടത്തില്‍പ്പെടും. ഇത് മനസിലാക്കാതെയാണ് പലരും അപകടത്തില്‍പ്പെടുന്നത്.
ഡാമിലെ അപകട ഭാഗങ്ങളെ കുറിച്ച് അറിയാവുന്ന അധിക്യതര്‍ അത് തടയാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. അപകടമേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ വേണ്ടി നിയമനടപടിയ്ക്കും ആരും മുതിരുന്നില്ല. ഈ ഭാഗങ്ങളില്‍ അപകട ബോര്‍ഡ് വയ്ക്കണമെന്ന് പലവുരു നാട്ടുകാര്‍ പറഞ്ഞെങ്കിലും അത് ബന്ധപ്പെട്ടവര്‍ നടപ്പിലാക്കിയില്ല. പോലീസാകട്ടെ പലപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. ലഹരി വസ്തുക്കളുമായി ഡാമില്‍ എത്തുന്നവര്‍ പലപ്പോഴും ചേക്കേറുന്നത് ഇത്തരം അപകട മേഖലയിലാണ്. ഡാമിലെ മണിമേടയ്ക്ക് താഴെയുള്ള ഭാഗത്ത് പട്ടാപ്പകല്‍ പോലും ഇത്തരം ആളുകള്‍ കൂട്ടമായി എത്തും. നല്ല ആഴവും കയങ്ങളും ഉള്ള ഭാഗമാണ് ഇവിടം. മൂക്കിന് താഴെ നടക്കുന്ന ഇത് തടയാന്‍ ജലസേചന വകുപ്പിന് കഴിയുന്നില്ല.