കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ജനവിരുദ്ധ രാഷ്ട്രീയം കളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

knr-kunjaliവടകര: ജനദ്രോഹ രാഷ്ട്രീയമാണ് നാട്ടില്‍ നടക്കുന്നതെന്നും ഇത്തരം രാഷ്ട്രീയ കളികള്‍ക്കിടയില്‍ മുസ്ലിം ലീഗ് മു്ന്നോട്ടുവെക്കുന്ന ജനന്മയുടെ രാഷ്ട്രീയം മാതൃകയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ. വടകരയില്‍  ലീഗ് നിയോജകമണ്ഡലം സമ്മേളനത്തിനു സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് നന്മ വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ഇന്ന് സാധാരണക്കാരനെ പണത്തിനുവേണ്ടി ക്യൂ നിര്‍ത്തുകയാണ്.

കേന്ദ്രത്തിന്റെ ജനദ്രോഹനയം തുടരുമ്പോള്‍ ഇവിടെ കേരളത്തില്‍ റേഷന്‍കടകളില്‍ അരിയില്ലാതെ ജനം വലയുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ ഇടതുപക്ഷം ജനത്തെ പട്ടിണിക്കിടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ജനോപകാരപ്രദമായ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച യുഡിഎഫ് സര്‍ക്കാര്‍ നാട്ടില്‍കൊണ്ടുവന്ന എല്ലാ നല്ല പരിപാടികളും ഇടതുസര്‍ക്കാര്‍ ഇല്ലായ്മചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് പുത്തൂര്‍ അസീസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍, നേതാക്കളായ റസാഖ്, സി.കെ.മൊയ്തു, കെ.അന്‍വര്‍ ഹാജി, കെ.വി.ഖാലിദ്, വി.കെ.അസീസ്, ഒ.പി.മൊയ്തു,ഒ.കെ.കുഞ്ഞബ്ദുള്ള, കെ.കെ.മഹമൂദ്, നെല്ലോളി കാസിം, പി.പി.ജാഫര്‍, ഷുഹൈബ് കുന്നത്ത്, എം.ഫൈസല്‍, അഫ്—നാസ് ചോറോട് എന്നിവര്‍ സംസാരിച്ചു. നേരത്തെ നഗരത്തില്‍ ശക്തിപ്രകടനം നടന്നു.

മണ്ഡലത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നെത്തിയ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പെരുവാട്ടുംതാഴെ സംഗമിച്ചു നഗരം ചുറ്റി പൊതുസമ്മേളന വേദിയായ കോട്ടപ്പറമ്പിലേക്കു നീങ്ങി. മണ്ഡലം പ്രസിഡന്റ് പുത്തൂര്‍ അസീസ്, ജനറല്‍ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ള, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, എന്‍.പി.അബ്ദുള്ള, സി.കെ.മൊയ്തു, കെ.വി.ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts