നെല്ലിയാമ്പതിയില്‍ റോഡിലേയ്ക്കു വീണ വന്‍മരങ്ങള്‍ അപകടഭീഷണി

PKD-MARAMനെന്മാറ: പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതിയിലേയ്ക്കുള്ള വഴിയില്‍ റോഡിലേയ്ക്ക് വീണുകിടക്കുന്ന വന്‍മരങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. നെല്ലിയാമ്പതിയിലേയ്ക്കുള്ള വിനോദസഞ്ചാരികള്‍ക്കാണ് ഇതുമൂലം ദുരിതമേറുന്നത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ് കൂടുതലായും നെല്ലിയാമ്പതിയിലേയ്ക്ക് വരുന്നത്. റോഡ് പരിചയമില്ലാത്ത ഇവര്‍ ഈ മരങ്ങളില്‍ തട്ടിഅപകടമുണ്ടാകുന്നത് പതിവാണ്. റോഡിലേയ്ക്ക് മരങ്ങള്‍ വീഴുമ്പോള്‍ അവയുടെ കുറച്ചുഭാഗം മാത്രം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതു മൂലം ബാക്കിയുള്ള ഭാഗം അവിടെത്തന്നെ കിടക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.

പുല്‍ച്ചെടികള്‍ റോഡിലേയ്ക്ക് വളര്‍ന്ന് നില്‍ക്കുന്നതുമൂലം പലപ്പോഴും ഇത്തരം മരങ്ങള്‍ കാണാനും കഴിയില്ല. രാത്രികാലങ്ങളിലാണ് കൂടുതല്‍ അപകടസാധ്യത. റോഡില്‍ പുല്ലുവളര്‍ന്നു നില്ക്കുന്നതുമൂലം മുന്നറിയിപ്പു ബോര്‍ഡുകളോ മൈല്‍ക്കുറ്റികളോ കാണാനും സാധിക്കുന്നില്ല. മരങ്ങള്‍ വീണുകിടക്കുന്നത് ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് കൂടുതല്‍ അപകടകരം. വീണുകിടക്കുന്ന മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം.

Related posts