നോട്ടുകളേക്കാള്‍ ഡിമാന്റ് ചില്ലറ നാണയങ്ങള്‍ക്ക്; സാധനം വാങ്ങിയാല്‍ വ്യാപാരികള്‍ ബാക്കി നല്‍കുന്നത് മിഠായിയും പേനയും

connsfbആയൂര്‍: ചില്ലറ ക്ഷാമം അതിരൂക്ഷമാകുന്നു. നോട്ടുകളേക്കാള്‍ ചില്ലറ നാണയങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്നു. വ്യാപാര സ്ഥാപനങ്ങള്‍, സര്‍വീസ് ബസുകള്‍ എന്നുവേണ്ട എവിടെ ചെന്നാലും ആവശ്യപ്പെടുന്നത് ചില്ലറ. ഇല്ലാത്ത ചില്ലറ എങ്ങനെ നല്‍കുമെന്ന് പരസ്പരം ചോദിക്കുകയും തുടര്‍ന്നുള്ള വാക്കേറ്റവും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ നാണയങ്ങള്‍ക്കാണ് കടുത്തക്ഷാമം. ക്രയവിക്രയം ഇപ്പോഴുമുണ്ടെങ്കിലും 50 പൈസ ഇപ്പോള്‍ കാണാനേയില്ല. സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് ഒന്നിന്റേയും രണ്ടിന്റേയും നാണയങ്ങള്‍ കിട്ടാതെ വിഷമിക്കുന്നത്. ബാക്കി നല്‍കാന്‍ നാണയമില്ലാതെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ ബസില്‍ വാക്കുതര്‍ക്കം പതിവായിരിക്കുകയാണ്.

ബസില്‍ മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയതിനുശേഷം ചില്ലറ കൂടുതലായി ആവശ്യമായിരിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഏറെപ്പേരും പത്തുരൂപയാണ് നല്‍കുന്നത്. ബസ് ജീവനക്കാരാകാട്ടെ ബാലന്‍സ് കൊടുക്കാന്‍ ചില്ലറയില്ലാതെ യാത്രക്കാരുടെ മുന്നില്‍ കൈമലര്‍ത്തുകയാണ്. ചില്ലറ കൈവശമുള്ളവര്‍ പോലും ബസില്‍ കയറിയാല്‍ നല്‍കാന്‍ മടിക്കുകയാണെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. കണ്‍സഷന്‍ വകുപ്പില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന നാണയങ്ങള്‍ മാത്രമാണ് സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മിക്ക സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സ്വന്തമായി ബസുകളുള്ളത് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഭൂരിഭാഗം രക്ഷകര്‍ത്താക്കളും തങ്ങളുടെ കുട്ടികളെ ഇപ്പോള്‍ സ്കൂള്‍ ബസുകളിലാണ് അയയ്ക്കുന്നത്. ഓരോ വിദ്യാര്‍ഥികളില്‍ നിന്നും ലഭിക്കുമായിരുന്ന ചില്ലറയുടെ ലഭ്യതയില്‍ വളരെ കുറവുവരുത്തുന്നതിന് ഇത് മറ്റൊരു കാരണമായി മാറി.

ബസ് ജീവനക്കാര്‍ മിക്കപ്പോഴും പല യാത്രക്കാരെ കൂട്ടിക്കെട്ടിവിട്ടാണ് ചില്ലറ ക്ഷാമത്തിന് പരിഹാരം കാണുന്നത്. ഒരേ സ്ഥലത്ത് ഇറങ്ങുന്ന അഞ്ചുപേര്‍ക്ക് രണ്ടുരൂപ വീതം നല്‍കണമെങ്കില്‍ അഞ്ചുപേര്‍ക്കുംകൂടി 10 രൂപ നല്‍കുന്ന തന്ത്രമാണ് ബസ് ജീവനക്കാര്‍ പ്രയോഗിക്കുന്നത്. ഇതുവരെ പരിചയമില്ലാത്ത അഞ്ചുപേര്‍ക്ക് വേണ്ടിയാകും മിക്കപ്പോഴും ഈ ‘കൂട്ടിക്കെട്ട്’ എന്നതിനാല്‍ പലരും തങ്ങള്‍ക്ക് കിട്ടാനുള്ള ചില്ലറ ഉപേക്ഷിച്ച് മടങ്ങുകയാണ് പതിവ്.  വ്യാപാരികളില്‍ നല്ലൊരുശതമാനം ഇപ്പോള്‍ ബാക്കിയ്ക്ക് പകരമായി മിഠായികളിലൂടെയാണ് ചില്ലറ ക്ഷാമത്തെ പ്രതിരോധിക്കുന്നത്. അഞ്ചില്‍ താഴെയുള്ള ഏതുസംഖ്യ ബാലന്‍സ് നല്‍കേണ്ടി വന്നാലും ഈ തുകയ്ക്ക് തുല്യമായ മിഠായി ഉപയോക്താക്കള്‍ക്ക് നല്‍കുകയാണ് പുതിയ തന്ത്രം. ടൗണിലെ വ്യാപാരികളില്‍ ഏറിയപങ്കും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പയറ്റുന്നതും ഇതേ തന്ത്രമാണ്.

ടൗണിലെ ഒട്ടുമിക്ക കടകളിലും ഇപ്പോള്‍ മിഠായിഭരണികള്‍ സജീവമായിരിക്കുകയാണ്. മിഠായികള്‍ വില്പന നടത്താന്‍ കഴിയാത്ത ചില സ്ഥാപനങ്ങളില്‍ വിലകുറഞ്ഞ പേനകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്ന് രൂപ, അഞ്ച് രൂപ ചില്ലറ നല്‍കേണ്ട ഉപഭോക്താക്കള്‍ക്ക് മിക്കപ്പോഴും ഇത്തരം വിലകുറഞ്ഞ പേനകളാണ് സ്ഥാപന ഉടമകള്‍ നല്‍കുന്നത്.ചില്ലറ ക്ഷാമം തലവേദനയായി മാറിയതോടെ ചില്ലറ തരുന്നവര്‍ക്ക് അഞ്ചു ശതമാനം മുതല്‍ പത്ത് ശതമാനം വരെ കമ്മീഷന്‍ വാഗ്ദാനമെന്ന പുതിയ തന്ത്രവും ചില കച്ചവടക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടാതെ ചില്ലറ തരുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കുമെന്ന പരസ്യവും ചില കടകളുടെ ഭിത്തികളില്‍ പതിവുകാഴ്ചയാണ്.

ചില്ലറ ലഭിക്കാതെ ബുദ്ധിമുട്ടുന്ന വ്യാപാരികളുടെ ക്ഷാമം പരിഹരിക്കാന്‍ കമ്മീഷന്‍ വാഗ്ദാനവുമായി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടലുകളാണ് ഇത്തരത്തില്‍ ആകര്‍ഷകമായ നിരക്ക് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നവരില്‍ ഭൂരിഭാഗവും. ക്ഷേത്രപൂജാരിമാര്‍ക്ക് ദക്ഷിണയിനത്തില്‍ ലഭിക്കുന്ന നാണയങ്ങള്‍ സ്ഥിരമായി വാങ്ങുന്ന ഇടനിലക്കാരും സജീവമാണ്. ഇത്തരം ചില്ലറ ശേഖരണ-വിതരണ സംഘങ്ങള്‍ അത്യാവശ്യക്കാരായ വ്യാപാരികള്‍ക്ക് 10 ശതമാനംവരെ കമ്മീഷന്‍ എടുത്തതിന് ശേഷമാണ് ചില്ലറകള്‍ നല്‍കുന്നത്. 90 രൂപ വീതം കെട്ടി കവറുകളിലാക്കി കൊണ്ടുനടക്കുന്ന ഇത്തരം സംഘങ്ങള്‍ 100 രൂപയാണ് വ്യാപാരികളില്‍ നിന്നും വാങ്ങുന്നത്. ദേശസാല്‍കൃത ബാങ്കുകളില്‍ ബന്ധപ്പെട്ടാലും അഞ്ചിനു താഴെയുള്ള നാണയങ്ങള്‍പോലും കിട്ടാറില്ല. ചില്ലറ എണ്ണി തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ടാണ് ബാങ്ക് ജീവനക്കാരെ ചില്ലറ ലഭ്യമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.

Related posts