പതിനൊന്നു പേരുടെ ജീവന്‍ അപഹരിച്ച താഴത്തങ്ങാടി ബസ് അപകടത്തിന് നാളെ ആറു വയസ്

ktm-accidentകോട്ടയം: താഴത്തങ്ങാടി ബസ് അപകടത്തിനു നാളെ ആറു വയസ്. ആറു വര്‍ഷം മുമ്പു മാര്‍ച്ച് 23നാണ് 11 പേരുടെ ജീവന്‍ അപഹരിച്ച അപകട മുണ്ടായത്. ചേര്‍ത്തലയില്‍ നിന്നു കോട്ടയത്തേക്കു വരികയായിരുന്ന പിടിഎസ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുനക്കര പൂരദിനമായിരുന്ന അന്നു 50ല്‍പ്പരം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്ന തിനിടയില്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് ബസ് ആറ്റിലേക്ക് മറിയുകയായിരുന്നു.

താഴത്തങ്ങാടിയില്‍ മീനച്ചിലാറിന്റെ ആഴമേറിയ അറുപുഴ ഭാഗത്ത്  ഉച്ചകഴിഞ്ഞു 2.18നായിരുന്നു അപകടം. വീഴ്ചയില്‍ ബസ് പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ താഴ്ന്നുപോകുകയായിരുന്നു. പത്തടിയിലേറെ താഴ്ചയിലേക്കു മുങ്ങിയ ബസ് നാലര മണിക്കൂറിനു ശേഷം രാത്രി ഏഴിനാണ് ഉയര്‍ത്താനായത്. സ്റ്റീയറിംഗ് തകരാറാണു അപകടത്തിനു കാരണമെന്നു ആദ്യം പറഞ്ഞിരുന്നെങ്കിലും പീന്നിടു ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ തകരാറില്ലെന്നു കണ്ടെത്തി.

പവര്‍ സ്റ്റീയറിംഗുള്ള ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇത്തരം ബസുകള്‍ ഓടിച്ചുള്ള പരിചയം ഡൈവര്‍ക്കില്ലായിരുന്നു. പോസ്റ്റിലും മൈല്‍ കുറ്റിയിലും ബസ് ഇടിച്ചപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ലെന്നും  ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോള്‍ ഉണ്ടാകുന്ന പാടുകള്‍ അപകടസ്ഥലത്തു നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബസ് റോഡില്‍ നിന്നു സൈഡിലേക്ക് ഇറങ്ങിയതിനു ശേഷമാണ് ഇലക്ട്രിക് പോസ്റ്റിലിടിച്ചതെന്നാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related posts